മൂന്നാര്‍: മൂന്നാര്‍ സംരക്ഷണ സമിതി ചൊവ്വാഴ്ച്ച നടത്തുന്ന ഹര്‍ത്താലിന് തങ്ങളുടെ പിന്തുണയില്ലെന്ന് കാണിച്ച് ജനങ്ങള്‍ക്ക് സിപിഐയുടെ നോട്ടീസ്. സിപിഎമ്മിനെ പേരെടുത്ത് വിമര്‍ശിച്ചാണ് സിപിഐ മണ്ഡലം സെക്രട്ടറി പി.പളനിവേലിന്റെ പേരിലുള്ള നോട്ടീസ്.
റവന്യൂ വകുപ്പിനെതിരെ മൂന്നാര്‍ പ്രദേശത്ത് 10 പഞ്ചായത്തുകളില്‍ ചൊവ്വാഴ്ച്ച മൂന്നാര്‍ സംരക്ഷണസമിതിയും സിപിഎമ്മും ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താല്‍ ആരെ സംരക്ഷിക്കാനാണ് എന്ന് ചോദിച്ചുകൊണ്ടാണ് നോട്ടീസ് ആരംഭിക്കുന്നത്. ഇടയ്ക്കിടെയുള്ള ഹര്‍ത്താലുകള്‍ മൂലം ബുദ്ധിമുട്ടിലാവുന്നത് ഇവിടെയുള്ള ചെറുകിട കച്ചവടക്കാരും പാവപ്പെട്ട തൊഴിലാളികളുമാണ്. കയ്യേറ്റലോബിയെ സംരക്ഷിക്കാനുള്ള ശ്രമമാണ് ഹര്‍ത്താലിന് പിന്നിലെന്നും നോട്ടീസില്‍ ആരോപണമുണ്ട്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സ്വന്തമായി ഭൂമി ഇല്ലാത്ത പാവപ്പെട്ടവര്‍ക്കും തോട്ടം തൊഴിലാളികള്‍ക്കും നല്കാന് വേണ്ടി വട്ടവട,കൊട്ടക്കൊമ്പൂര്‍ കീഴാന്തൂര്‍, കാന്തല്ലൂര്‍ എന്നീ വില്ലേജുകളില്‍ റവന്യൂ വകുപ്പ് സ്ഥലം ഏറ്റെടുത്തിരുന്നു. ഇവയില്‍ പലതും കയ്യേറ്റലോബിയുടെ കൈവശമാണുള്ളത്. അവരും അതിന് കൂട്ടുനില്‍ക്കുന്ന ചില രാഷ്ട്രീയനേതാക്കളും ചേര്‍ന്ന് എല്‍ഡിഎഫിന്റെ പട്ടയമേളയെ തകര്‍ക്കാനാണ് ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് റവന്യൂ വകുപ്പിനെതിരായ ഈ ഹര്‍ത്താലെന്നും നോട്ടീസില്‍ പറയുന്നു.
പൊതുജനത്തിന് യാതൊരുവിധത്തിലുളള പ്രയോജനവും ചെയ്യുന്നതല്ല ഈ ഹര്‍ത്താലെന്ന് മനസ്സിലാക്കിയതിനാല്‍ അതില്‍ പങ്കെടുക്കാനില്ലെന്നും സിപിഐ നോട്ടീസിലൂടെ വ്യക്തമാക്കുന്നു.
Discussion about this post