കോട്ടയം: ജോലിക്കിടെ വീണു ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍ ബില്‍ കൊടുക്കാന്‍ പോലും നിവൃത്തിയില്ലാതെ കഴിഞ്ഞിരുന്ന കെട്ടിടം തൊഴിലാളിയ്ക്ക് സഹായവുമായി തൃശൂര്‍ പൊലീസ് കമ്മിഷണര്‍ രാഹുല്‍ ആര്.നായര്‍.
തൃശൂരില്‍ പഴയ കെട്ടിടം പൊളിച്ചു നീക്കുന്നതിനിടെയാണ് മൂന്നാം നിലയില്‍നിന്നു വീണ് കോട്ടയം കുറുപ്പന്തറ എളൂക്കുന്നത്തു സാബുവിനു ഗുരുതരമായി പരുക്കേറ്റത്. ചോറുണ്ണണമെങ്കില്‍ പോലും കയ്യില്‍ കാശില്ലാതെ, ഐസിയുവിനു മുന്നില്‍ കഴിയുന്ന ഭാര്യ ദീപയുടെയും രണ്ടു പെണ്മക്കളുടെയും സങ്കടകഥ മലയാളത്തിലെ ഒരു പ്രമുഖ മാധ്യമം പ്രസിദ്ധീകരിച്ചിരുന്നു.
വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട കമ്മിഷണര്‍ ഇവര്‍ക്ക് ആവശ്യമായ സഹായം നല്കാന് വെസ്റ്റ് സ്റ്റേഷനിലെ പൊലീസിനു നിര്‍ദേശം നല്‍കുകയായിരുന്നു. പൊലീസ് തുക അടയ്ക്കാമെന്നു വാക്കു നല്‍കിയതോടെ ആശുപത്രി അധികൃതര്‍ സാബുവിനെ ഡിസ്ചാര്‍ജ് ചെയ്തു കോട്ടയം മെഡിക്കല്‍ കോളജിലേക്കു വിടുകയായിരുന്നു. സഹായം വേണ്ടയാളെ സഹായിക്കുകയെന്നതു മനുഷ്യസഹജമായ കാര്യമാണെന്നും അതാണു ചെയ്തതെന്നും രാഹുല്‍ ആര്. നായര്‍ പറഞ്ഞു.
‘എല്ലാവരെയും എപ്പോഴും സഹായിക്കാന്‍ പറ്റിയെന്നുവരില്ല. എന്നാല്‍ ദുരിതങ്ങളുടെ സമയത്തു പിന്തുണയുമായി പൊലീസ് എപ്പോഴുമുണ്ടാകും; സാന്നിധ്യമായും പരസ്പരം ബന്ധപ്പെടുത്താനും. അതോടൊപ്പം വലിയൊരു മനുഷ്യശൃംഖല കൂടിയാണു സംസ്ഥാനത്തെ പൊലീസ് സംവിധാനം. അതിനാല്‍ പെട്ടെന്നു തന്നെ കോട്ടയം ഗാന്ധിഗനര്‍ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു മെഡിക്കല്‍ കോളജില്‍ രോഗിയെ പ്രവേശിപ്പിക്കാന്‍ നടപടിയുണ്ടാക്കുകയായിരുന്നു. നമ്മള് മുന്‍കൈ എടുക്കേണ്ട ഒരു കാര്യം മാത്രമേയുള്ളൂ. മാത്രമല്ല, ചെറിയ മനുഷ്യത്വപരമായ പെരുമാറ്റം പോലും വാര്‍ത്തയാവുന്ന കാലമാണിത്’– രാഹുല്‍ ആര്.നായര്‍ പറഞ്ഞു.
കൂലിപ്പണിക്കാരനായ സാബുവും ഭാര്യ ദീപയും വിദ്യാര്‍ഥികളായ രണ്ടു പെണ്മക്കളും കുറുപ്പുന്തറയില്‍ വാടകയ്ക്കാണു കഴിയുന്നത്. രണ്ടാഴ്ച മുന്‍പ് ആപ്പാഞ്ചിറ സ്വദേശിയായ സുഹൃത്താണു സാബുവിനെ കെട്ടിടം പണിക്കായി തൃശൂരിലേക്കു കൊണ്ടുപോയത്. ജോലിക്കിടെ സാബു താഴെ വീണു നട്ടെല്ലു തകരുകയും വാരിയെല്ലുകള്‍ ഒടിയുകയും ബോധം നഷ്ടപ്പെടുകയും ചെയ്തിരുന്നു.
സാബുവിനെ ജോലിക്കെത്തിച്ച കരാറുകാരന് ഇവരെ സഹായിക്കാതിരുന്നതോടെയാണ് കുടുംബം ദുരിതക്കയത്തിലായത്. കരാറുകാരന് ഇയാളെ ഉപേക്ഷിച്ചു മുങ്ങുകയായിരുന്നു.
Discussion about this post