ചേര്‍ത്തല: കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ കാറ്റില്‍ പറത്തി ആലപ്പുഴ ചേര്‍ത്തലയില്‍ സിപിഐയുടെ പാര്‍ട്ടിമന്ദിരം. കെട്ടിടനമ്പര്‍ പോലുമില്ലാതെയാണ് മൂന്നുനിലകളുള്ള മണ്ഡലംകമ്മിറ്റി ഓഫിസ് കഴിഞ്ഞ പത്തുവര്‍ഷമായി പ്രവര്‍ത്തിക്കുന്നത്. അനുമതിയില്ലാത്ത കെട്ടിടത്തിന് വൈദ്യുതി കണക്ഷനും സിപിഐ നേടിയെടുത്തു. നിയമലംഘനത്തിന് സാധുതതേടി പാര്‍ട്ടിനേതൃത്വം നഗരസഭയ്ക്ക് നല്കിയ കത്ത് പുറത്തായി.
അതേസമയം കെട്ടിടത്തിന്റെ നിയമലംഘനത്തില്‍ നടപടി ആവശ്യപ്പെട്ട് സിപിഎം രംഗത്തെത്തി. തോമസ് ചാണ്ടിയുടെ രാജിയില്‍ സിപിഐയുമായി കൊമ്പുകോര്‍ക്കുന്നതിനിടെ പുറത്തുവന്ന നിയമലംഘനം രാഷ്ട്രീയായുധമാക്കാന്‍ തന്നെയാണ് സിപിഎം പുറപ്പാട്. കയ്യേറ്റത്തിനെതിരെ ജാഗ്രത പാലിക്കുന്നവര്‍ ഇവിടെയും നടപടിയെടുക്കണമെന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാന് ആവശ്യപ്പെട്ടു. ഇതിനായി റവന്യൂ മന്ത്രി മുന്‍കയ്യെടുക്കണം. നീതിബോധത്തോടെ പ്രവര്‍ത്തിക്കുന്നവര്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അത് ഗുരുതരമാണ്. റവന്യൂ, പഞ്ചായത്ത്് വകുപ്പുകള്‍ അന്വേഷിക്കണമെന്നും സജി ചെറിയാന് ആവശ്യപ്പെട്ടു.
മന്ത്രി പി.തിലോത്തമന്റെ ക്യാമ്പ് ഓഫിസിന് തൊട്ടുമുന്നിലാണ് മൂന്നുനിലകളിലായി സിപിഐയുടെ ചേര്‍ത്തല മണ്ഡലം കമ്മിറ്റി ഓഫിസ്. മൂന്നാംനില നിര്‍മിച്ചത് ബില്‍ഡിങ് പെര്മിറ്റില്ലാതെയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആദ്യത്തെ രണ്ടുനിലകള്ക്ക് മാത്രമാണ് അനുമതി വാങ്ങിയതെന്ന് ഈ രേഖകള്‍ വ്യക്തമാക്കുന്നു.
അനുമതി ലഭിച്ചതിനേക്കാള്‍ വിസ്തൃതിയില്‍ നിര്‍മാണം നടത്തി അവിടെയും നിയമലംഘനം നടത്തി. കെട്ടിട നമ്പര്‍ ഇല്ലാത്തിനാല്‍ 2006-ല്‍ പാര്‍ട്ടി ജനറല്‍സെക്രട്ടറി ഉദ്ഘാടനം ചെയ്ത മന്ദിരത്തിന് നാളിതുവരെ ചില്ലിക്കാശ് നികുതി അടക്കേണ്ടിവന്നിട്ടില്ല.
കെട്ടിട അനുമതി തേടി നഗരസഭയെ സമീപിച്ചത് ഇക്കഴിഞ്ഞ ജൂലൈ 31-ന് മാത്രം. ഈ ചട്ടലംഘനങ്ങളെല്ലാം കണ്ടില്ലെന്ന് നടിച്ച് ക്രമവല്‍ക്കരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് മണ്ഡലം കമ്മിറ്റി നഗരസഭയ്ക്ക് കത്ത് സമര്‍പ്പിച്ചു. എന്നാല്‍ കെട്ടിടനിര്‍മാണ ചട്ടങ്ങളുടെ ലംഘനം നടന്നതായി കണ്ടെത്തിയതായും അനുമതി നല്‍കാനാകില്ലെന്നും നഗരസഭ മറുപടി നല്കി.
അനധികൃതമായി നിര്‍മിച്ചതാണെങ്കിലും പാര്‍ട്ടി ഓഫിസില്‍ ആവശ്യത്തിന് കാറ്റും വെളിച്ചവുമുണ്ട്. വൈദ്യുതി കണക്ഷന് നേടിയെടുത്തത് നിയമവിരുദ്ധമായി. താല്കാലിക കണക്ഷന് അപേക്ഷിച്ച് ഒടുവില്‍ ഉദ്യോഗസ്ഥരെ വശത്താക്കി സ്ഥിരപ്പെടുത്തി.
നഗരസഭയുടെ ഷോപ്പിങ് കോംപ്ലക്സിന് ചുറ്റുമതില്‍ കെട്ടിയാല്‍ പാര്‍ട്ടി ഓഫിസിലേക്ക് വഴിപോലും ഇല്ല. എന്നാല്‍ വര്‍ഷങ്ങളായി ഈ ആനുകൂല്യവും പാര്‍ട്ടി നേടിയെടുത്തു. പാര്‍ക്കിങ് സ്ഥലമോ അതിരുകളില്‍ നിന്ന് ആവശ്യത്തിന് അകലമോ പാലിക്കാതെ നിര്‍മിച്ച കെട്ടിടം പൊളിച്ചുനീക്കാതെ നിലനില്‍ക്കുന്നത് പാര്‍ട്ടി ഓഫിസായതുകൊണ്ടുമാത്രമാണ്.
Discussion about this post