ഡല്‍ഹി: ഗുജറാത്ത് തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധിയെ തിരഞ്ഞെടുക്കുമെന്ന് റിപ്പോര്‍ട്ട്. ദേശീയ മാധ്യമങ്ങള്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പാര്‍ട്ടി അധ്യക്ഷസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിന്റെ സമയക്രമം നിശ്ചയിക്കാനുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയുടെ നിര്‍ണായകയോഗം തിങ്കളാഴ്ച നടക്കും.
നിലവില്‍ രാഹുലിന് എതിരായി മത്സരിക്കാന്‍ ആരും തയ്യാറാവില്ലെന്നാണ് കരുതുന്നത്. അതിനാല്‍ തിരഞ്ഞെടുപ്പ് ഏകകണ്ഠ്യേനയാകും.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ ഡല്‍ഹിയിലെ വസതിയില്‍വെച്ച് തിങ്കളാഴ്ച രാവിലെ പത്തരയ്ക്കാണ് യോഗം. സോണിയയുടെ നേതൃത്വത്തിലുള്ള അവസാനത്തെ പ്രവര്‍ത്തക സമിതിയോഗമാകുമെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം അധ്യക്ഷ പദവിയിലിരിക്കുന്നയാളാണ് സോണിയ.
ഗുജറാത്ത് തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ രാഹുലിന്റെ സ്ഥാനാരോഹണം ഉണ്ടാകൂ എന്നാണ് ഉന്നത കോണ്‍ഗ്രസ് വൃത്തങ്ങള്‍ നേരത്തേ സൂചന നല്‍കിയിരുന്നത്. എന്നാല്‍ ഗുജറാത്തില്‍ പാട്ടീദാര്‍ വിഷയമുള്‍പ്പെടെ പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് തീരുമാനം മാറ്റിയത് എന്നാണ് കരുതുന്നത്. കോണ്‍ഗ്രസിന്റെ തലപ്പത്ത് യുവാക്കളുടെ പ്രതിനിധിയായി രാഹുലിനെ പ്രതിഷ്ഠിച്ച് കോണ്‍ഗ്രസിന്റെ നഷ്ടപ്രതാപം തിരിച്ചു പിടിക്കുകയാണ് ലക്ഷ്യം.
അതേസമയം രാഹുലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരാന്‍ കോണ്‍ഗ്രസിനെ തലമുതിര്‍ന്ന നേതാക്കളില്‍ ഒരാളെ ഉപാധ്യക്ഷനായി നിയമിക്കുമെന്നും അഭ്യൂഹമുണ്ട്. ഡിസംബര്‍ 31 നുമുമ്പ് സംഘടനാ തിരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഡിസംബര്‍ ഒന്നിന് മുമ്പ് നോമിനേഷന് സമര്‍പ്പിക്കാമെന്ന് പാര്‍ട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. വോട്ടെടുത്ത് ആവശ്യമെങ്കില്‍ ഡിസംബര്‍ എട്ടിന് നടത്താനാണ് തീരുമാനം. ഡിസംബര്‍ ഒമ്പതിനാണ് ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം.
70-കാരിയായ സോണിയ കഴിഞ്ഞ കുറച്ചു കാലമായി ആരോഗ്യപ്രശ്നങ്ങള്‍ കാരണം സജീവമായി പ്രവര്‍ത്തന രംഗത്തില്ല. ഒന്നിലേറെ തവണ ചികിത്സക്കായി ആമേരിക്കക്ക് പോകുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ കഴിഞ്ഞ നവംബറിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗം രാഹുലിനെ പ്രസിഡന്റ് പദവിയിലേക്ക് ഉയര്‍ത്തണമെന്ന തീരുമാനത്തിലെത്തിയത്. രാജീവ് ഗാന്ധിയുടെ മരണ ശേഷം രാഷ്ട്രീയ വനവാസത്തിലായിരുന്ന സോണിയാ ഗാന്ധി പാര്‍ട്ടി നേതൃത്വത്തിന്റെ അഭ്യര്‍ത്ഥന മാനിച്ച് 1998 ലാണ് അധ്യക്ഷ പദവി ഏറ്റെടുത്തത്.
Discussion about this post