മൈസൂരു: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വാഹനവ്യൂഹം കടന്നുപോകാന്‍ ആംബുലന്‍സ് തടഞ്ഞതോടെ ഗര്‍ഭിണിക്ക് ആശുപത്രിയിലെത്താന്‍ നടക്കേണ്ടി വന്നു. രണ്ടുപേരുടെ സഹായത്തോടെ 600 മീറ്റര്‍ ദൂരമാണ് സ്ത്രീ നടന്നത്. മാണ്ഡ്യയില്‍ ബി.എം. റോഡില്‍ തിങ്കളാഴ്ചയാണ് സംഭവം.
നാഗമംഗളയില്‍ വികസനപ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനംചെയ്യാന്‍ സിദ്ധരാമയ്യ എത്തുന്നതിനാല്‍ പോലീസ് ഗതാഗതനിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ സമീപത്തെ ഗ്രാമത്തില്‍നിന്ന് ഗര്‍ഭിണിയുമായി ആംബുലന്‍സ് എത്തി. റോഡ് അടച്ചിരിക്കുന്നത് കണ്ട ആംബുലന്‍സ് ഡ്രൈവര്‍ പോലീസിനെ സമീപിച്ച് ഉടന്‍ ആശുപത്രിയിലെത്തിക്കേണ്ട ഗര്‍ഭിണിയാണ് വാഹനത്തിലുള്ളതെന്നും തുറക്കണമെന്നും അപേക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. പകരം സ്ത്രീയോട് നടന്ന് ആശുപത്രിയിലെത്താനാണ് പോലീസ് നിര്‍ദേശിച്ചത്. ഇതോടെ മറ്റുവഴിയില്ലാത്തതിനാല്‍ ബന്ധുക്കളായ രണ്ടുപേരുടെ സഹായത്തോടെ അരക്കിലോമീറ്ററിലധികം ദൂരെയുള്ള ആശുപത്രിയിലേക്ക് നടന്നുപോവുകയായിരുന്നു. റോഡിന് സമീപം പോലീസ് ജീപ്പ് ഉണ്ടായിരുന്നെങ്കിലും അതിലും സ്ത്രീയെ ആശുപത്രിയിലെത്തിക്കാന്‍ പോലീസ് തയ്യാറായിരുന്നില്ല.
സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കുമെന്ന് മാണ്ഡ്യ എസ്.പി. ജി. രാധിക പറഞ്ഞു. എന്നാല്‍, പോലീസുകാര്‍ ഉള്‍പ്പെട്ടതായി വിവരമില്ലെന്നും ഏതാനും ഹോംഗാര്‍ഡുമാരാണ് ആംബുലന്‍സ് തടഞ്ഞതെന്നും അവര്‍ പറഞ്ഞു. സ്ത്രീ നടന്നുപോവുന്നതിന്റെ ദൃശ്യങ്ങളില്‍ റോഡില്‍ പോലീസ് ജീപ്പ് നിര്‍ത്തിയിട്ടിരിക്കുന്നതും പോലീസുകാര്‍ സമീപം നില്ക്കുന്നതും വ്യക്തമാണ്. കൂടാതെ ഹോംഗാര്‍ഡുമാരും പരിസരത്തില്ല. അതിനാല്‍, ഹോംഗാര്‍ഡുമാരെ ബലിയാടാക്കാനുള്ള നീക്കമാണെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
Discussion about this post