ലണ്ടന്‍: ഭീകരസംഘടനയായ ഐഎസിന്റെ അടിമയായുള്ള തന്റെ ദുരിത ജീവിത കഥ ലണ്ടനില്‍ മാധ്യമങ്ങളുമായി പങ്കുവെച്ച് യസീദി വനിത നാദിയ. ഐഎസിന്റെ പിടിയില്‍ നിന്ന് മോചിപ്പിക്കപ്പെട്ട ലൈംഗിക അടിമയെന്നാണ് നാദിയ മുറാദിനെ ലോകം വിശേഷിപ്പിക്കുന്നത്.
‘ഈ ജീവിതം ഞാന്‍ തിരഞ്ഞെടുത്തതല്ല. ആരെങ്കിലും ഇത്തരം കഥകള്‍ പറയേണ്ടേ’ എന്ന് ചോദിച്ചു കൊണ്ടാണ് നാദിയ അവരുടെ കഥ പറയാന്‍ തുടങ്ങിയത്. ഐഎസ് ആക്രമണങ്ങള്‍ തുടങ്ങും മുമ്പ് വടക്കന്‍ ഇറാഖിലെ കോച്ചോ ഗ്രാമത്തില്‍ ഒരു സാധാരണ ജീവിതം നയിക്കുകയായിരുന്നു നാദിയ. ഗ്രാമത്തിലെ ഭൂരിഭാഗവും ദരിദ്രരായിരുന്നു. പക്ഷെ ആ ചെറിയ ജീവിതത്തില്‍ അവര്‍ സംതൃപ്തരായിരുന്നു. എല്ലാറ്റിനുമുപരി സമാധാനമുണ്ടായിരുന്നു. 2014-ലാണ് ഐഎസ് തീവ്രവാദികള്‍ കോച്ചോയിലെത്തുന്നത്. പുരുഷന്‍മാരെയെല്ലാം അവര്‍ വെടിവെച്ചു കൊന്നു. കൊല്ലപ്പെട്ടവരില്‍ ആറ് പേര്‍ നാദിയയുടെ സഹോദരന്‍മാരായിരുന്നു.
‘ഞങ്ങളെയെല്ലാം അവര്‍ ഒരു ബസ്സിലിട്ട് കൊണ്ട് പോയി. ഒപ്പമുള്ളവരില്‍ ചിലര്‍ എന്റെ ബന്ധുക്കളായിരുന്നു ചിലര്‍ അയല്‍വാസികളും. ബസ്സില്‍ വെച്ച് ഒരു സ്ത്രീയോട് ഒരാളും ചെയ്യാന്‍ പാടില്ലാത്ത എല്ലാ വൃത്തികേടുകളും അവര്‍ ഞങ്ങളോട് ചെയ്തു. എന്റെ അമ്മയെ അവര്‍ വെടിവെച്ചു കൊന്നു. വയസ്സായ മറ്റൊരു സ്ത്രീയെ തീയിട്ടു കൊന്നു’.
നാദിയയടക്കമുള്ള ചെറിയ പെണ്‍കുട്ടികളെ മൊസൂളിലെ ഒരു ധനിക കുടുംബത്തിലേക്കാണ് കൊണ്ടു പോവുന്നത്. അവിടെ വെച്ച് ഒരാള്‍ നാദിയയുടെ ഉദരത്തില്‍ സിഗരറ്റ് കൊണ്ട് പൊള്ളിച്ചു. ആ ദ്രോഹികള്‍ വലിച്ചിഴച്ചു കൊണ്ടാണ് അവളെ കൊണ്ടു പോയത്.
‘എല്ലാ കാര്യങ്ങളും ഞാനെന്റെ പുസ്തകത്തില്‍ പറയുന്നുണ്ട്. അങ്ങനെയെങ്കില്‍ വീണ്ടും ഈ ദുരനുഭവങ്ങള്‍ ഞാന്‍ ആവര്‍ത്തിക്കേണ്ടതില്ലല്ലോ’, നാദിയ പറയുന്നു.
‘യസീദി സ്ത്രീകളെയും 9 വയസ്സുള്ള പെണ്‍കുട്ടികളെയും വരെ ദ്രോഹിക്കാന്‍ തങ്ങളുടേതായ മത ചിട്ടകള്‍ രൂപകല്‍പന ചെയ്ത് ഐഎസ് തീവ്രവാദികള്‍ സ്വയം ന്യായീകരിച്ചു കൊണ്ടിരുന്നു. പീഡനം സഹിക്കവയ്യാതെ പല സ്ത്രീകളും സ്വയം ജീവനൊടുക്കി. രക്ഷപ്പെടാന്‍ ശ്രമിച്ച ചില സ്ത്രീകളെ കൂട്ട ബലാത്സംഗത്തിനിരയാക്കി’.
ഒരിക്കല്‍ ഒരു ഐഎസ് തീവ്രവാദി തന്നെ മുറിക്കുള്ളില്‍ ഒറ്റയ്ക്കാക്കി പോയി. താഴിടാത്ത വാതില്‍ തുറന്ന് മതില്‍ ചാടിക്കടന്നാണ് നാദിയ രക്ഷപ്പെടുന്നത്.
‘അത് ധൈര്യമായിരുന്നില്ല. കൊല്ലപ്പെടുന്നതിന്റെയും ദ്രോഹിക്കപ്പെടുന്നതിന്റെയും പേടിയില്‍ അതിജീവനത്തിനായി നടത്തിയ ഒരു ശ്രമം’, നാദിയ മനസ്സു തുറക്കുന്നു.
പരിചയമില്ലാത്ത ഒരു വീട്ടില്‍ കയറി നാദിയ സഹായത്തിനഭ്യര്‍ഥിക്കുകയായിരുന്നു. അവിടെ നിന്ന് ആ വീട്ടുകാരനാണ് നാദിയയെ രക്ഷപ്പെടുത്താന്‍ സഹായിക്കുന്നത്. ഭാര്യയെന്ന് പറഞ്ഞായിരുന്നു രക്ഷപ്പെടുത്താന്‍ ശ്രമിച്ചത്. അവസാനത്തെ ചെക്ക്‌പോയിന്റില്‍ രക്ഷപ്പെട്ടോടിയ ആളുകളുടെ ഫോട്ടോകളുടെ കൂട്ടത്തില്‍ നാദിയ അവളുടെ ഫോട്ടോയും കണ്ടു. എന്നാല്‍ അതില്‍ നിന്നെല്ലാം രക്ഷ നേടാനായി. 2015-ല്‍ അഭയാര്‍ഥിയായി അവളെ ജര്‍മ്മനി സ്വീകരിക്കുകയായിരുന്നു. യസീദി സ്ത്രീകളെ സഹായിക്കുന്നതില്‍ മൊസൂള്‍ ജനത കാണിക്കുന്ന അലംഭാവം ഇപ്പോഴും നാദിയയെ അലട്ടുന്നുണ്ട്.
’20 ലക്ഷം പേരുണ്ട് മൊസൂളില്‍. ഇവരില്‍ 2000 ഓളം പേരെ ഐഎസ് തട്ടികൊണ്ടു വന്നതാണ്. ആ ലക്ഷകണക്കിന് കുടുംബങ്ങള്‍ മനസ്സു വെച്ചാല്‍ രക്ഷിക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ യസീദി സ്ത്രീകളെ. മുഖം മറയ്ക്കണമെന്ന നിയമമുള്ളതു കൊണ്ട് തന്നെ ഇവരെല്ലാം മനസ്സു വെച്ചാല്‍ ആ സ്ത്രീകളെ രക്ഷപ്പെടുത്താമായിരുന്നു’, നാദിയ കുറ്റപ്പെടുത്തുന്നു.
‘യസീദി ആണുങ്ങള്‍ക്ക് സംഭവിച്ച പോലെ ഞങ്ങളെയും അവര്‍ കൊന്നിരുന്നെങ്കിലെന്നാണ് ഞങ്ങള്‍ ആഗ്രഹിച്ചത്. പക്ഷെ യൂറോപ്യന്‍മാരും സൗദികളും ടുണീഷ്യരും മറ്റ് തീവ്രവാദികളെല്ലാവരും ചേര്‍ന്ന് ഞങ്ങളെ ബലാത്സംഗം ചെയ്യുകയും വില്‍ക്കുകയുമായിരുന്നു’. ഒരു സലൂണ്‍ തുടങ്ങി ഒരു മെയ്ക്ക് അപ് ആര്‍ട്ടിസ്റ്റാവാനാണ് താന്‍ ആഗ്രഹിക്കുന്നത്, ‘തീവ്രവാദികളെ അതീജീവിച്ചവള്‍ എന്ന വിളിപ്പേരിനപ്പുറത്ത്’ഭാവിയില്‍ ഒരു സ്‌റ്റൈലിസ്റ്റ് എന്ന അറിയപ്പെടാനാണ് ആഗ്രഹിക്കുന്നത്’, നാദിയ പറഞ്ഞു.
2014-ല്‍ ഉത്തര ഇറാഖിലേക്ക് ഐഎസ് പ്രവേശിക്കുമ്പോള്‍ ആയിരക്കണക്കിന് യസീദികളാണ് കൊല്ലപ്പെട്ടത്. ആയിരത്തോളം പേരെ തടങ്കലിലാക്കുകയും ചെയ്തു. കുട്ടികളെയും സ്ത്രീകളെയും അവര്‍ ലൈംഗിക അടിമകളാക്കി. ഇറാഖില്‍ ഇക്കാലയളവില്‍ നടന്നത് വംശഹത്യയാണെന്ന് യുഎന്‍ പ്രതിനിധികള്‍ പോലും അഭിപ്രായപ്പെടുകയുണ്ടായി. അങ്ങനെയാണ് കര്‍മ്മസേനയെ ഇറാഖിലേക്ക് യുഎന്‍ നിയോഗിക്കുന്നത്. 2016-ല്‍ മനുഷ്യക്കടത്തിന് വിധേയരായി രക്ഷപ്പെട്ടവരുടെ യുഎന്‍ ഗുഡ് വില്‍ അംബസഡറായി നാദിയ. തന്റെ ദുരിത കഥ വിവരിക്കുന്ന ഒരു പുസ്‌കം എഴുതുന്നുണ്ട് നാദിയ. യസീദി സ്ത്രീകള്‍ ഏറ്റുവാങ്ങിയ പീഡനങ്ങളും ക്രൂരതകളും ലോകത്തെ അറിയിക്കാന്‍ പുസ്തകമിറക്കുന്നതെന്ന് നാദിയ പറഞ്ഞു.
Discussion about this post