നാല് ദിവസത്തെ ഫ്രാന്‍സ് സന്ദര്‍ശനം പൂര്‍ത്തിയാക്കി ജര്‍മ്മനിയിലേക്ക് പോകും മുമ്പ് മോദി ആതിഥേയനായ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വെ ഹൊളാണ്ടിന് നല്‍കിയത് ഒരു അപൂര്‍വ സമ്മാനം. ‘ജീവന്റെ വൃക്ഷം’ എന്ന് പേരുള്ള ഒരു അമൂല്യമായ പെയിന്റിംഗാണ് മോദി സമ്മാനിച്ചത്.
ഇന്ത്യാക്കാര്‍ പരമ്പരാഗതമായും സാമൂഹികമായും പ്രകൃതിയോട് പുലര്‍ത്തിയിരുന്ന ആദരവ് പ്രകടിപ്പിക്കുന്നതാണ് ഈ പെയിന്റിംഗെന്ന് ന്യൂസ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിരവധി ശാഖകളും വേരുകളുമുള്ള അരയാലിനെ അനുസ്മരിപ്പിക്കുന്ന ‘ജീവന്റെ വൃക്ഷം’ പൂവായും ഫലങ്ങളായും തണലായും ഔഷധമായുമൊക്കെ വൃക്ഷങ്ങള്‍ ജീവിജാലങ്ങള്‍ക്കും പ്രകൃതിക്കും നല്കുന്ന സംഭാവനകളെയാണ് ഓര്‍മ്മിപ്പിക്കുന്നത്.
ഒഡിഷയിലെ രഘുരാജ്പൂര് ഗ്രാമത്തിലെ ഭാസ്കര്‍ മഹാപത്ര എന്ന ചിത്രകാരനാണ് മോദിക്ക് വേണ്ടി പട്ടില്‍ തീര്‍ത്ത ഈ പെയിന്റിംഗ് തയ്യാറാക്കിയത്.
ഈ വരുന്ന ഡിസംബറില്‍ യുഎന്നിന്റെ നേതൃത്വത്തിലുള്ള ലോക കാലാവസ്ഥാ ഉച്ചകോടിക്ക് ഫ്രാന്‍സ് ആതിഥേയത്വം വഹിക്കാനിരിക്കെയാണ് ഭൂമിയിലെ ജീവന്റെ നിലനില്‍പ്പിന് പ്രകൃതി വഹിക്കുന്ന പങ്ക് ഓര്‍മിപ്പിക്കുന്ന ‘ജീവന്റെ വൃക്ഷം’ ഫ്രഞ്ച് പ്രധാനമന്ത്രിക്ക് മോദി സമ്മാനിച്ചത് എന്നതും ശ്രദ്ധേയമായി.
Discussion about this post