ഡല്‍ഹി: കാശ്മീരില്‍ വിഘടനവാദി നേതാവ് മസ്രത് ആലം പാകിസ്ഥാന് പതാക ഉയര്‍ത്തിയ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കേന്ദ്രം.ഇതു സംബന്ധിച്ച് ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ജമ്മു മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദിന് കര്‍ശന നിര്‍ദ്ദേശം നല്കി. മാസങ്ങളായുള്ള ഡല്‍ഹി വാസത്തിനു ശേഷം ശ്രീനഗറില്‍ മടങ്ങിയെത്തിയ ഹുറിയത്ത് കോണ്‍ഫറന്‍സ് നേതാവ് സയ്യദ് അലി ഷാ ഗിലാനിയെ സ്വീകരിക്കാന്‍ വേണ്ടിയായിരുന്നു റാലി നടത്തിയത്.
സംഭവം വിവാദമായതോടെ രാജ്നാഥ് സിംഗ്, മുഫ്തിയെ ഫോണില്‍ വിളിച്ച് നടപടി എടുക്കാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കാനാവില്ലെന്ന ശക്തമായ സന്ദേശമാണ് രാജ്നാഥ് നല്‍കിയത്. കുറ്റക്കാര്‍ക്കെതിരെ അടിയന്തരമായി നടപടി സ്വീകരിക്കാനും മന്ത്രി മുഫ്തിയോട് നിര്‍ദ്ദേശിച്ചു.
അതേസമയം നിയമം നിയമത്തിന്റെ വഴിക്ക് പോവുമെന്ന് ജമ്മു മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദ് പറഞ്ഞു. അതിനിടെ ആലമിനെതിരെ പൊലീസ് കേസെടുത്തു. റാലിയിലുടനീളം പാകിസ്ഥാന് പതാക വീശിയ അണികള്‍ പാക് അനുകൂല മുദ്രാവാക്യവും വിളിച്ചിരുന്നു. 2010 ല്‍ കാശ്മീരിലുണ്ടായ കല്ലെറിയല്‍ പ്രതിഷേധത്തെതുടര്‍ന്ന് 122 പേര് കൊല്ലപ്പെട്ട സംഭവത്തില്‍ തടവിലായിരുന്ന മസ്റത്ത് ആലം 39 ദിവസം മുന്‍പാണ് ജയില്‍ മോചിതനായത്.
Discussion about this post