ഡല്‍ഹി: പരമാവധി വില്പന വിലയിലും (എംആര്‍പി) കൂടിയ തുകയ്ക്ക് കുടിവെള്ളം വില്‍ക്കുന്നത് നികുതി വെട്ടിപ്പിന്റെ പരിധിയില്‍ വരുമെന്ന് സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍. എംആര്‍പിയിലും കൂടിയ തുകയ്ക്ക് കുടിവെള്ളം വില്‍ക്കുന്നത് തടവുശിക്ഷ ഉള്‍പ്പെടെ ലഭിക്കാവുന്ന കുറ്റമായി കണക്കാക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ഇതിനു പുറമെ ഉപഭോക്താക്കളുടെ അവകാശങ്ങളിന്മേലുള്ള കടന്നുകയറ്റമാണിതെന്നും കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ഫെഡറേഷന് ഓഫ് ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്‍സ് ഓഫ് ഇന്ത്യ (എഫ്എച്ച്ആര്‍എഐ) സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിയുമായി ബന്ധപ്പെട്ട് നല്കിയ വിശദീകരണത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.
ആഢംബര ഹോട്ടലുകളിലും മള്‍ട്ടിപ്ലക്സുകളിലും റസ്റ്റോറന്റുകളിലും കുടിവെള്ളം എംആര്‍പിയിലും കൂടിയ വിലയ്ക്ക് വില്‍ക്കുന്നതായി നേരത്തേ മുതല്‍ ആക്ഷേപമുണ്ട്. നികുതി ഉള്‍പ്പടെയുള്ള ചെലവുകളുടെ അടിസ്ഥാനത്തില്‍ ഹോട്ടലുകള്‍ വാങ്ങുന്ന കുടിവെള്ളം ഇത്തരത്തില്‍ കൂടിയ വിലയ്ക്ക് വില്‍ക്കുന്നതിലൂടെ യഥാര്‍ഥത്തില്‍ നികുതി വെട്ടിപ്പാണ് നടക്കുന്നതെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി.
സേവന നികുതി, എക്സൈസ് ഡ്യൂട്ടി വിഭാഗങ്ങളില്‍പ്പെടുത്താവുന്ന തുകയാണ് ഇതുവഴി സര്‍ക്കാരിന് നഷ്ടമാകുന്നത്.
കുടിവെള്ളത്തിന് കൂടിയ തുക ഈടാക്കുന്നതിനെതിരെ ഡല്‍ഹി ഹൈക്കോടതി പുറപ്പെടുവിച്ച വിധിയെ ചോദ്യം ചെയ്താണ് ഹോട്ടല്‍ ഉടമകളുടെ സംഘടന സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസ് രോഹിങ്ടന്‍ എഫ്.നരിമാന് നേതൃത്വം നല്കുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
പാക്കറ്റ് ഉള്‍പ്പന്നങ്ങള്‍ക്ക് എംആല്പിയിലും കൂടിയ തുക ഈടാക്കുന്നത് ലീഗല്‍ മെട്രോളജി ആക്ട് പ്രകാരവും ശിക്ഷാര്‍ഹമായ കുറ്റമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഇത്തരം കുറ്റം ചെയ്യുന്നവര്‍ക്കുമേല്‍ 25,000 രൂപ വരെ പിഴ ചുമത്താനും ഈ നിയമം അനുമതി നല്‍കുന്നുണ്ട്. കുറ്റം ആവര്‍ത്തിക്കുന്നവരില്‍നിന്ന് ഒരു ലക്ഷം രൂപ വരെ പിഴയും ഒരു വര്‍ഷം വരെ ജയില്‍ശിക്ഷയും നല്‍കാനും നിയമം അനുശാസിക്കുന്നു.
Discussion about this post