കൊച്ചി: വിദേശ പണമിടപാടുമായി ബന്ധപ്പെട്ട് ബി.സി.സി.ഐ വൈസ് പ്രസിഡന്റും കെ.സി.എ പ്രസിഡന്റുമായ ടി.സി മാത്യുവിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തു. കൊച്ചിയിലെ ഡയറക്ടറേറ്റ് ഓഫ് എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസിലേക്ക് വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. ഇടക്കൊച്ചി സ്റ്റേഡിയത്തിന്റെ പ്‌ളാന്‍ തയാറാക്കിയതുമായി ബന്ധപ്പെട്ട് ലണ്ടന്‍ ആസ്ഥാനമായ ഹോക്കിങ്‌സ് കമ്പനിക്ക് 88 ലക്ഷം രൂപ അനധികൃതമായി കൈമാറിയെന്നാണ് ആരോപണം.
ആര്‍.ബി.ഐയുടെ അനുമതി ഇല്ലാതെയാണ് പണം കൈമാറിയതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കൂടാതെ 25 ലക്ഷം രൂപ മാത്രമാണ് കമ്പനിക്ക് കൈമാറിയതെന്നും ബാക്കി 63 ലക്ഷം രൂപ എവിടെ പോയെന്നുമാണ് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കുന്നത്.
മൂന്നു തവണ നോട്ടീസ് നല്‍കിയിട്ടും ടി.സി മാത്യു എന്‍ഫോഴ്‌സ്‌മെന്റ് മുമ്പാകെ ഹാജരായിരുന്നില്ല.
അതേസമയം, ലണ്ടന്‍ കമ്പനിക്ക് പണം നല്‍കിയത് നിയമപരമായിട്ടാണെന്ന് ടി.സി മാത്യു മാധ്യമങ്ങളോട് പ്രതികരിച്ചു. 88 ലക്ഷം രൂപ ലണ്ടന്‍ കമ്പനിക്ക് നല്‍കേണ്ടതാണെന്നും ടി.സി മാത്യു പറഞ്ഞു.
Discussion about this post