ആലപ്പുഴ: ബ്രിട്ടീഷ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ആലപ്പുഴയില്‍ പുരവഞ്ചി ജീവനക്കാരന് അറസ്റ്റിലായി. ചേര്‍ത്തല പട്ടണക്കാട് കൊച്ചുപറമ്പില്‍ ആഞ്ചലോസ് (38) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ഹൗസ് ബോട്ടില്‍ മസാജ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് പീഡനശ്രമം നടന്നത്.
മസാജ് സെന്റര്‍ അന്വേഷിച്ച യുവതിയെ മസാജ് ചെയ്യാനറിയാമെന്നു പറഞ്ഞ് പുരവഞ്ചിയില്‍ കൊണ്ടുപോവുകയും തുടര്‍ന്ന് മസാജ് ചെയ്യുന്നതിനിടെ അപമര്യാദയായി പെരുമാറുകയുമായിരുന്നു. ഇതിനെ യുവതി എതിര്‍ക്കുകയും പുരവഞ്ചി അടുപ്പിച്ച് താമസിക്കുന്ന റിസോട്ടിലെത്തി വിവരം ധരിപ്പിക്കുകയും ചെയ്തു. ഇതിനൊപ്പം ബ്രിട്ടീഷ് എംബസിയിലും യുവതി വിവരം അറിയിച്ചു.
തുടര്‍ന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ഓഫീസില്‍ നിന്ന് വിവരം മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തുകയും അവിടെനിന്ന് ജില്ലാ കളക്ടര്‍ക്ക് വിളിവരികയുമായിരുന്നു. കളക്ടര്‍ ടി.വി.അനുപമ ഉടന്‍ തന്നെ ടൂറിസം ഉദ്യോഗസ്ഥരെ സ്ഥലത്തേക്കയച്ചു. ടൂറിസംവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പി.അഭിലാഷ്, ഡി.ടി.പി.സി. സെക്രട്ടറി എം.മാലിന് എന്നിവര്‍ സ്ഥലത്തെത്തി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.
ഈ സമയം റിസോട്ടുകാര് അറിയിച്ചതനുസരിച്ച് പോലീസും സ്ഥലത്തെത്തി. നോര്‍ത്ത് എസ്.ഐ. വി.ആര്.ശിവകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഹൗസ്ബോട്ടിലുണ്ടായിരുന്ന മൂന്നു ജീവനക്കാരെയും കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തതിനെത്തുടര്‍ന്നാണ് ആഞ്ചലോസ് പിടിയിലായത്.
Discussion about this post