കട്ടക്ക്: ഇന്ത്യ ശ്രീലങ്കയ്ക്കെതിരായ ട്വന്റി 20 പരമ്പരക്ക് ഇറങ്ങുന്നു. കട്ടക്കിലെ ബാരാബതി സ്റ്റേഡിയത്തില്‍ രാത്രി 7നാണ് മൂന്ന് മത്സര പരമ്പരയിലെ ആദ്യ പോരാട്ടം. ടെസ്റ്റ്, ഏകദിന പരമ്പരകള്‍ വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ മത്സരത്തിനിറങ്ങുന്നത്. വിരാട് കോഹ്ലിക്ക് വിശ്രമമനുവദിച്ചതിനാല്‍ ഏകദിനത്തിലെന്നപോലെ ട്വന്റി 20യിലും രോഹിത് ശര്‍മ്മയാണ് ടീം ഇന്ത്യയെ നയിക്കുന്നത്.
ഈ വര്‍ഷം ജൂലൈയില്‍ വിന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പര കൈവിട്ടിരുന്നു. ശ്രീലങ്കയെയും ന്യൂസിലാന്‍ഡിനെയും തോല്‍പ്പിച്ചപ്പോള്‍ ഓസ്ട്രേലിയക്കെതിരായ പരമ്പര 1-1ന് സമനിലയിലും കലാശിച്ചു.
ഇന്ത്യന്‍ ടീമില്‍ അംഗമായ മലയാളി പേസര്‍ ബാസില്‍ തമ്പി അരങ്ങേറ്റം കുറിക്കുമോ എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് പ്രേമികള്‍. ജയദേവ് ഉനദ്കത്, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ എന്നിവരാണ് ടീമിലെ മറ്റ് പേസര്‍മാര്‍. ഓള് റൗണ്ടര്‍മാരായി ഹര്‍ദിക് പാണ്ഡ്യ, ദീപക് ഹൂഡ എന്നിവരും. യുസ്വേന്ദ്ര ചഹലും കുല്‍ദീപ് യാദവുമാണ് ടീമിലെ സ്പിന്നര്‍മാര്‍. അതേസമയം ശിഖര്‍ ധവാന്, അജിന്‍ക്യ രഹാനെ, മുഹമ്മദ് ഷാമി, ഭുവനേശ്വര്‍കുമാര്‍, ഉമേഷ് യാദവ്, ഇഷാന്ത് ശര്‍മ്മ എന്നിവര്‍ക്കും വിശ്രമം അനുവദിച്ചിരിക്കുകയാണ്. ഇവരുടെ അഭാവത്തില്‍ രോഹിത്തിനും ധോണിക്കും പുറമെ മനീഷ് പാണ്ഡെ, കെ.എല്‍. രാഹുല്‍, ദിനേശ് കാര്‍ത്തിക്, ശ്രേയസ് അയ്യര്‍, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരും ടീമിലുണ്ട്. രോഹിത്തിനൊപ്പം രാഹുലായിരിക്കും ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുക. അതേസമയം വെറ്ററന്‍ പേസര്‍ ലസിത് മലിംഗ, സുരംഗ ലക്മല്‍ എന്നീ പ്രമുഖരില്ലാതെയാണ് ലങ്ക ഇന്ത്യയെ നേരിടുക.
തിസാര പെരേര നയിക്കുന്ന ശ്രീലങ്കന്‍ ടീമില്‍ ഓള് റൗണ്ടര്‍മാരുടെ അതിപ്രസരമാണ്. നായകന് പുറമെ ആഞ്ചലോ മാത്യൂസ്, ഗുണതിലകെ, പതിരണ, ധനഞ്ജയ ഡിസില്‍വ, അകില ധനഞ്ജയ, ചതുരംഗ ഡിസില്‍വ എന്നിവരാണ് ടീമിലെ മറ്റ് ഓള് റൗണ്ടര്‍മാര്‍. ഉപുല്‍ തരംഗ, തിരിമന്നെ, ഗുണരത്നെ എന്നിവരാണ് ലങ്കന്‍ നിരയിലെ ബാറ്റിങ് കരുത്തര്‍. ടെസ്റ്റ്, ഏകദിന പരമ്പരകള്‍ നഷ്ടപ്പെട്ട ശ്രീലങ്കയ്ക്ക് മുഖം രക്ഷിക്കാന്‍ ട്വന്റി 20യെങ്കിലും സ്വന്തമാക്കിയേ മതിയാവൂ. ഇന്ത്യ വിജയത്തുടര്‍ച്ചയ്ക്കാണ് ഇറങ്ങുക. അതുകൊണ്ടുതന്നെ ആവേശകരമായ പോരാട്ടമായിരിക്കും കട്ടക്കില്‍ അരങ്ങേറുക.
Discussion about this post