കട്ടക്ക്: ശ്രീലങ്ക-ഇന്ത്യ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് 93 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെടുത്തിരുന്നു. അര്‍ദ്ധ സെഞ്ച്വറി നേടിയ ലോകേഷ് രാഹുലിന്റെയും അവസാന ഓവറുകളില്‍ അടിച്ചു കളിച്ച മുന്‍ ക്യാപ്ടന് എം.എസ്.ധോണിയുടെയും ബലത്തിലാണ് ഇന്ത്യ 180 റണ്‍സെടുത്തത്.
181 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ശ്രീലങ്കയ്ക്ക് 16 ഓവറില്‍ വിക്കറ്റുകളെല്ലാം നഷ്ടപ്പെട്ടപ്പോള്‍ 87 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി. യുസ്വേന്ദ്ര ചാഹല്‍ നേടിയ നാല് വിക്കറ്റാണ് ശ്രീലങ്കയുടെ നടുവൊടിച്ചത്. ട്വന്റി20യില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണ് ഇന്നത്തേത്.
നേരത്തെ, ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. അഞ്ചോവറില്‍ 39 റണ്‍സെന്ന നിലയില്‍ നില്ക്കുമ്പോള് 12 പന്തില്‍ 17 റണ്‍സെടുത്ത രോഹിത് ശര്‍മയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. എയ്ഞ്ചലോ മാത്യൂസിന്റെ പന്തില്‍ രോഹിതിനെ ദുഷ്മന്ത ചമീര ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. ഇന്ത്യന്‍ സ്കോര്‍ നൂറ് കടന്നതിന് പിന്നാലെ 20 പന്തില്‍ 24 റണ്‍സെടുത്ത ശ്രേയസ് അയ്യര്‍ മടങ്ങി. അതിന് പിന്നാലെ 48 പന്തില്‍ 61 റണ്‍സ് നേടിയ ലോകേഷ് രാഹുല്‍ തിസാര പെരേരയുടെ പന്തില്‍ പുറത്തായി. 22 പന്തില്‍ 39 റണ്‍സെടുത്ത എം.എസ്.ധോണിയും 18 പന്തില്‍ 32 റണ്‍സെടുത്ത മനീഷ് പാണ്ഡെയും പുറത്താകാതെ നിന്നു.
ഇന്ത്യന്‍ നിരയില്‍ ഓപ്പണര്‍ ശിഖര്‍ ധവാനു പകരം ലോകേഷ് രാഹുലും ഭുവനേശ്വര്‍ കുമാറിനു പകരം ജയ്ദേവ് ഉനദ്ഘടും ഇടംപിടിച്ചു. മലയാളി താരം ബേസില്‍ തമ്പിയെ അവസാന ഇലവനില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ധവാന്റെ അഭാവത്തില്‍ കെ.എല്‍. രാഹുലാണ് രോഹിതിനൊപ്പം ഓപ്പണറുടെ റോളിലെത്തിയത്. വിരാട് കൊഹ്ലിയുടെ അഭാവത്തില്‍ രോഹിത്ശര്‍മ്മ തന്നെയാണ് ട്വന്റി 20യിലും ഇന്ത്യയുടെ നായകന്. ഏകദിന പരമ്പര മുന്നില്‍ നിന്ന് ജയിപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് രോഹിത് ട്വന്റി 20യില്‍ ടീമിനെ നയിക്കുന്നത്.
Discussion about this post