ഇന്‍ഡോര്‍: രണ്ടാം ട്വന്റി20യില്‍ ശ്രീലങ്കയെ 88 റണ്‍സിനു പരാജയപ്പെടുത്തി ഇന്ത്യ മൂന്നു മത്സരങ്ങളുടെ പരമ്പര സ്വന്തമാക്കി. ഇന്ത്യ ഉയര്‍ത്തിയ 261 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്ക 17.2 ഓവറില്‍ 172 റണ്‍സിനു പുറത്തായി. അതിവേഗ സെഞ്ചുറിയുമായി നായകന് രോഹിത് ശര്‍മയും കൂറ്റന്‍ അടികളുമായി കെ.എല്‍. രാഹുലും ബാറ്റിംഗ് കൊടുങ്കാറ്റായി വീശിയടിച്ചപ്പോള്‍ ലങ്ക വീണ്ടും തകര്‍ന്നു തരിപ്പണമായി.
റിക്കാര്‍ഡുകളുടെ പെരുമഴ പെയ്യിച്ച് ബാറ്റിംഗ് വിരുന്നൊരുക്കിയ രോഹിതും രാഹുലുമാണ് ഇന്ത്യയുടെ വിജയശില്‍പ്പികള്‍. ലങ്കന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും പായിച്ച ഓപ്പണര്‍മാര്‍ അന്താരാഷ്ട്ര ടിട്വന്റിയില്‍ ഏറ്റവുമുയര്‍ന്ന രണ്ടാമത്തെ സ്കോറില്‍ ഇന്ത്യയെ എത്തിച്ചു. ഇന്ത്യയുടെ ഏറ്റവുമുയര്‍ന്ന സ്കോറുമാണിത്. ഏഴ് ബൗളര്‍മാരെ മാറിമാറി പരീക്ഷിച്ചിട്ടും ഇന്ത്യന്‍ ബാറ്റ്സ്മാന്മാരെ പിടിച്ചുകെട്ടാന്‍ ലങ്കയ്ക്കായില്ല. രോഹിതും രാഹുലും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 165 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ആകെ 43 പന്തുകള്‍ നേരിട്ട രോഹിത് 118 റണ്‍സെടുത്ത് പുറത്തായി. 10 റണ്‍സ് മാത്രമാണ് ബൗണ്ടറിയില്‍നിന്നല്ലാതെ രോഹിത് നേടിയത്. ഇന്ത്യന്‍ നായകന് 10 സിക്സും 12 ഫോറും പറത്തി. അടിയുടെ തൃശൂര്‍പൂരം നടത്തിയ രോഹിതിനെ ചമീരയാണ് വീഴ്ത്തിയത്.
രാഹുല്‍ 49 പന്തില്‍ അഞ്ചു ഫോറും എട്ടു സിക്സറുമടക്കമാണ് അര്‍ധശതകം കടന്നത്. രോഹിത് പുറത്തായതോടെ മൂന്നാമനായി സ്ഥാനക്കയറ്റം ലഭിച്ചെത്തിയ ധോണിക്ക് കമ്പക്കെട്ട് തുടരനായില്ല. ഇതോടെ ഇന്ത്യന്‍ സ്കോറിന്റെ ഗിയറും ഡൗണായി. 21 പന്തുകള്‍ നേരിട്ട ധോണി രണ്ട് സിക്സും രണ്ട് ഫോറുമടക്കം 28 റണ്‍സെടുത്തു. അവസാന ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടപ്പെടുത്തിയ ഇന്ത്യക്ക് ഏഴു റണ്‍സ് മാത്രമാണ് നേടാനായത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ലങ്ക തുടക്കം മോശമാക്കിയില്ലെങ്കിലും അതിവേഗം സ്കോര്‍ ഉയര്‍ത്താനുള്ള ശ്രമത്തനിടെ വിക്കറ്റ് കൊഴിഞ്ഞു. ഓപ്പണര്‍മാരായ ഡിക്വാലയും (25) തരംഗയും (47) മൂന്നാം നമ്പറിലെത്തിയ കുശാല്‍ പെരേരയും (77) തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും മധ്യനിരയും വാലറ്റവും തകര്‍ന്നടിഞ്ഞു. ഇവരെക്കൂടാതെ മറ്റാര്‍ക്കും രണ്ടക്കം കടക്കാനായില്ല.
Discussion about this post