വാഷിംഗ്ടണ്‍: പാകിസ്ഥാന് തിരിച്ചടിയായി രാജ്യത്തിനെതിരെ കൂടുതല്‍ നീക്കങ്ങളുമായി അമേരിക്ക വീണ്ടും രംഗത്ത്. ജനങ്ങളുടെ മത സ്വാതന്ത്ര്യം ഹനിക്കുന്നതിന്റെ പേരില്‍ പാകിസ്ഥാനെ പ്രത്യേക പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് അമേരിക്കയുടെ പുതിയ നീക്കം. പാകിസ്ഥാന് നല്കിയ ധനസഹായം നിര്‍ത്തലാക്കിയതിന് പിന്നാലെയാണ് പുതിയ തന്ത്രങ്ങളുമായി അമേരിക്ക രംഗത്തെത്തിയത്. എന്നാല്‍ സംഭവത്തില്‍ പാകിസ്ഥാന് ഇതുവരെ പ്രതികരിച്ചിട്ടില്ല.
അന്താരാഷ്ട്ര മതസ്വാതന്ത്ര്യ നിയമപ്രകാരം നീരിക്ഷിക്കേണ്ട രാജ്യങ്ങളുടെ പട്ടിക പുനര്‍നിശ്ചയിച്ചതായും സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സന് അറിയിച്ചു. മ്യാന്മര്, ചൈന, എറിത്രിയ, ഇറാന്, ഉത്തരകൊറിയ, സുഡാന്, സൗദി അറേബ്യ, താജിക്കിസ്ഥാന്‍, തുര്‍ക്ക്മെനിസ്ഥാന്‍, ഉസ്ബക്കിസ്ഥാന് എന്നീ രാജ്യങ്ങളാണ് പാക്കിസ്ഥാനൊപ്പം പട്ടികയിലുള്ളത്. ഡിസംബര്‍ 22നാണ് ഇതുസംബന്ധിച്ച പുതുക്കിയ പട്ടിക പുറത്തിറക്കിയത്.
ഇഷ്ടപ്പെട്ട മതം തിരഞ്ഞെടുത്തതിന്റെ പേരില്‍ ഒട്ടേറെ രാജ്യങ്ങളില്‍ നിരവധി പേരാണ് ആക്രമണത്തിനിരയാകുന്നത്. ഇതുകൂടാതെ ചിലര്‍ തടവിലാക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഇഷ്ടപ്പെട്ട മതവും വിശ്വാസവും തിരഞ്ഞെടുക്കുന്നതിന് വിലക്കേര്‍പ്പെടുത്തുന്ന നിരവധി രാജ്യങ്ങളുണ്ട്. ചില വിശ്വാസങ്ങളെയും മതങ്ങളെയും വരെ അംഗീകരിക്കാന്‍ സര്‍ക്കാരുകള്‍ മടിക്കുകയാണെന്ന് ആഭ്യന്തര വകുപ്പ് വക്താവ് ഹെഥര്‍ നൗവര്ട് പറഞ്ഞു. സമാധാനവും സ്ഥിരതയും പുരോഗതിയും ഉറപ്പാക്കണമെങ്കില്‍ രാജ്യത്ത് മതസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ ഓരോ രാജ്യങ്ങളിലെയും മതസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുന്നതിനു കൂടുതല്‍ ശ്രദ്ധ നല്കാന് വേണ്ടിയാണ് സി.പി.സി പട്ടിക തയാറാക്കുന്നത്. ഒട്ടേറെ രാജ്യങ്ങളില്‍ മതസ്വാതന്ത്ര്യം ഉറപ്പു വരുത്താനുള്ള മികച്ച ശ്രമങ്ങളുണ്ട്. അവ പ്രോത്സാഹിപ്പിക്കുന്നു. ആ രാജ്യങ്ങളുമായി സഹകരണം തുടരും. ഇക്കാര്യത്തില്‍ യുഎസ് പ്രതിജ്ഞാബദ്ധരാണെന്നും ഹെഥര്‍ വ്യക്തമാക്കി.
അതേസമയം പാക്കിസ്ഥാനില്‍ മതസ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ഗുരുതര ലംഘനങ്ങളാണു നടക്കുന്നതെന്ന് ഇക്കഴിഞ്ഞ നവംബറില്‍ മനുഷ്യാവകാശ കമ്മിഷന്റെ കത്ത് സ്റ്റേറ്റ് സെക്രട്ടറിക്കു ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പാകിസ്ഥാനെ സി.പി.സി പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. സര്‍ക്കാര്‍ തലത്തിലും മതസംഘടനകളുടെ നേതൃത്വത്തിലും ഏര്‍പ്പെടുത്തുന്ന മതം സംബന്ധിച്ച വിലക്കുകള്‍ ഏറ്റവുമധികമുള്ള രാജ്യങ്ങളില്‍ ഒന്നായും പാക്കിസ്ഥാനെ കഴിഞ്ഞ വര്‍ഷം ഒരു സര്‍വേ പ്രകാരം തിരഞ്ഞെടുത്തിരുന്നു.
Discussion about this post