മുംബൈ: പ്രഹരശേഷിയില്‍ ഇന്ത്യന്‍ നാവികസേനയുടെ ഏറ്റവും വലിയ കപ്പലായ ഐഎന്‍എസ് വിശാഖപട്ടണം നീറ്റിലിറക്കി. മുംബൈ മസഗോണ്‍ ഡോക്കില്നടന്ന ചടങ്ങിലാണ് ഇന്ത്യന്‍ അഭിമാനമായ യുദ്ധകപ്പല്‍ നീറ്റിലിറക്കിയത്. 70 ശതമാനം പ്രാദേശികമായി നിര്‍മിച്ചതാണ് ഈ യുദ്ധക്കപ്പല്‍.
കടല്‍വഴിയുള്ള ഭീകരാക്രമണങ്ങള്‍ കൂടിവരുന്ന സാഹചര്യത്തിലുള്ള ഇന്ത്യന്‍ പ്രതിരോധമാണ് ഐഎന്‍എസ് വിശാഖപട്ടണം. ‘കൊല്‍ക്കത്ത സക്ലാസ് ഡിസ്ട്രോയര്‍ കപ്പലുകളുടെ അടുത്ത ശ്രേണിയായ വിശാഖപട്ടണം പ്രോജക്ട് 15 ബിയിലെ ആദ്യ കപ്പലാണിത്. ഇസ്രയേല്‍ നിര്‍മിത മള്‍ട്ടി ഫങ്ഷന് നിരീക്ഷണ മുന്നറിയിപ്പ് റഡാര്‍ ഈ കപ്പലിന്റെ പ്രത്യേകതയാണ്. ആണവ, ജൈവ, രാസായുധങ്ങള്‍ പ്രയോഗിക്കപ്പെടുന്ന അന്തരീക്ഷത്തില്‍ പ്രവര്‍ത്തിപ്പിക്കാന്‍ പൂര്‍ണ അന്തരീക്ഷ നിയന്ത്രണ സംവിധാനമായ ടിഎസി കപ്പലിലുണ്ട്.
ആയുധശേഖരത്തില്‍ എട്ടു ബ്രഹ്മോസ് മിസൈലുകള്‍ വഹിക്കുന്ന വിശാഖപട്ടണത്തില്‍നിന്നും ആകാശത്തേക്കും ഭൂമിയിലേക്കും മിസൈലുകള്‍ അയക്കാന്‍ കഴിയും. 16 ബ്രഹ്മോസ് കപ്പല്‍വേധ മിസൈലുകള്‍ ഇതില്‍ സജ്ജീകരിക്കാനാകും. ആധുനിക സൗകര്യങ്ങളാല്‍ രൂപപ്പെടുത്തിയ കപ്പലില്‍ ഷിപ് ഡേറ്റ നെറ്റ്വര്ക്, ഓട്ടോമാറ്റിക് പവര്‍ മാനേജ്മെന്റ് സിസ്റ്റം, കംബാറ്റ് മാനേജ്മെന്റ് സിസ്റ്റം, എന്നിവയുമുണ്ട്.
30,000 കോടി രൂപ മുടക്കി നാല് കപ്പലുകളാണ് പ്രോജക്ട് 15 ബിയില്‍ നിര്‍മിക്കുന്നത്. ആദ്യ കപ്പലിന് ഐഎന്‍എസ് വിശാഖപട്ടണം എന്ന പേരു നല്കിയപ്പോള്, ഐഎന്‍എസ് പാരാദീപ്, ഐഎന്‍എസ് മര്‍മഗോവ എന്നിങ്ങനെയാകും മറ്റ് രണ്ട് കപ്പലുകളുടെ പേര്. അവസാനത്തേതിന് ഗുജറാത്തിലെ ഏതെങ്കിലും തുറമുഖത്തിന്റെ പേരാകും നല്‍കുകയെന്നാണ് സൂചന.
ഐഎന്‍എസ് വിശാഖപട്ടണം കടലിലെ പരീക്ഷണങ്ങള്‍ക്കു ശേഷം 2018 ജൂലൈയില്‍ നാവികസേനയുടെ ഭാഗമാകും.രണ്ട് വര്‍ഷങ്ങളുടെ ഇടവേളകളിലായി മൂന്ന് കപ്പലുകളുടെ കൂടി നിര്‍മാണം പൂര്‍ത്തിയാകും.
Discussion about this post