കശ്മീര്‍: കശ്മീരില്‍ തുടരുന്ന പാക് വെടിവയ്പിലും ഷെല്ലാക്രണത്തിലും മലയാളി ജവാന് വീരമൃത്യു. മാവേലിക്കര പുന്നമൂട് സ്വദേശിയായ ലാന്‍സ് നായിക് സാം ഏബ്രഹാമാണ്(34) കൊല്ലപ്പെട്ടത്.
ഇന്നലെ ഉച്ചക്ക് 1.40 നാണ് സംഭവം. മദ്രാസ് റജിമെന്റ് ആറിലെ ലാന്‍സ് നായിക്കായിരുന്നു. വൈകിട്ട് ആറ് മണി വരെ മുഖാമുഖമുള്ള വെടിവെപ്പ് തുടര്‍ന്നതിനാല്‍ 6.30 നാണ് മൃതദേഹം മാറ്റാന്‍ സാധിച്ചത്. തുടര്‍ന്ന് സുഹൃത്തുക്കള്‍ ജമ്മുവില്‍ ബി.എസ്.എഫില്‍ സിഗ്നല്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്ന സഹോദരന് സാബുവിനെ വിവരമറിയിച്ചു.
അതിര്‍ത്തി രക്ഷാസേനയില്‍ 17 വര്‍ഷമായി ജോലി ചെയ്യുന്ന സാം കഴിഞ്ഞ നവംബറിലാണ് അവസാനമായി നാട്ടിലെത്തിയത്. ജമ്മുവിലെത്തിയിട്ട് മൂന്ന് വര്‍ഷമായി. വരുന്ന സെപ്തംബറില്‍ സര്‍വീസ് പൂര്‍ത്തിയാക്കാനിരിക്കെയാണ് മരണം. ഭാര്യ: തേവലക്കര സ്വദേശിനി അനു. മകള്‍:രണ്ടരവയസുള്ള ഏയ്ഞ്ചല്‍. അനു രണ്ടാമത്തെ കുഞ്ഞിന് അടുത്തമാസം ജന്മം നല്‍കാനിരിക്കെയാണ് ദുരന്തം. മറ്റൊരു സഹോദരന്:സജി. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.
രജൗരി ജില്ലയിലെ നിയന്ത്രണരേഖയ്ക്ക് സമീപം സുന്ദര്‍ബാനി മേഖലയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് വെടിവയ്പുണ്ടായത്. അതിര്‍ത്തിയില്‍ പാക് സൈന്യം നടത്തുന്ന വെടിവയ്പ്പില്‍ വെള്ളിയാഴ്ച രണ്ട് സൈനികരും മൂന്ന് നാട്ടുകാരും കൊല്ലപ്പെട്ടു.
ആര്.എസ്.പുര, അര്‍ണിയ, സാംബ മേഖലകളില്‍ കനത്ത ഷെല്ലാക്രമണവും വെടിവയ്പ്പും തുടരുകയാണ്. റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കി. അതിനിടെ ജനവാസമേഖലകളിലുണ്ടായ പാക് ആക്രമണത്തിനെതിരെ ഇന്ത്യ, പാക് ഡെപ്യൂട്ടി ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി കടുത്ത പ്രതിഷേധം അറിയിച്ചു.
Discussion about this post