മുംബയ്: കാഴ്ചപരിമിതരുടെ ക്രിക്കറ്റ് ലോകകപ്പില്‍ പാകിസ്ഥാനെ രണ്ട് വിക്കറ്റിന് തകര്‍ത്ത് തുടര്‍ച്ചയായി രണ്ടാം തവണയും രാജ്യത്തിന് കിരീടം നേടിത്തന്ന ഇന്ത്യന്‍ ടീമിന് ബാറ്റിംഗ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കറും, പ്രധാനമന്ത്രി നരേന്ദ്രമോദിയും അഭിനന്ദനം അറിയിച്ചു. ട്വിറ്ററിലൂടെയാണ് സച്ചിന് പ്രതികരണം അറിയിച്ചത്. ‘ദൃഢനിശ്ചയമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് എല്ലാം നേടിയെടുക്കാം. നമ്മുടെ മുഴുവന്‍ ടീമിനും ബിഗ് സല്യൂട്ട് നല്കുന്നു. വിജയികള്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍’ സച്ചിന് ട്വിറ്ററില്‍ കുറിച്ചു. നരേന്ദ്രമോദിയും ടീമിനെ അഭിനന്ദിച്ചു,
രാഷ്ട്രപതി രാംനാഥ് കോവിന്ദ്, കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടങ്ങിയ പ്രമുഖരും ടീം ഇന്ത്യക്ക് ആശംസകളറിയിച്ചിരുന്നു. രാജ്യം നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നുവെന്ന് രാഷ്ട്രപതിയുടെ ട്വീറ്റില്‍ പറഞ്ഞു.
ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പാകിസ്ഥാന് ഉയര്‍ത്തിയ 309 റണ്‍സ് എന്ന വിജയലക്ഷ്യം അഞ്ച് ബോള്‍ ബാക്കി നില്‍ക്കെ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടക്കുകയായിരുന്നു. 93 റണ്‍സ് നേടിയ സുനില്‍ രമേശ്, 62 റണ്‍സ് നേടിയ അജയ് റെഡ്ഢി എന്നിവരുടെ മികവിലാണ് ഇന്ത്യ വിജയം നേടിയത്.
Discussion about this post