കൊച്ചി: പ്രമുഖ എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്ത ആമി എന്ന സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ചിത്രത്തിന്റെ തിരക്കഥയും ബ്ളൂ പ്രിന്റും വിളിച്ചുവരുത്തി ഹൈക്കോടതി പരിശോധിക്കണമെന്നും മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള രംഗങ്ങള്‍ നീക്കം ചെയ്യുന്നതുവരെ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കരുതെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.
മാധവിക്കുട്ടിയുടെ ജീവിതത്തിലെ പല യഥാര്‍ഥ സംഭവങ്ങളും ഒഴിവാക്കിയാണ് സിനിമയെടുത്തിട്ടുള്ളത്. ചലച്ചിത്ര സംവിധായകന് സിനിമയെടുക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന കാരണത്താല്‍ യഥാര്‍ഥ വസ്തുതകളെ വളച്ചൊടിക്കാനോ മറച്ചുവയ്ക്കാനോ അവകാശമില്ല. ചിത്രത്തിനെതിരെ സെന്‍സര്‍ ബോര്‍ഡിന് നിവേദനം നല്‍കിയിരുന്നുവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
സെന്‍സര്‍ ചെയ്യാനായി ചിത്രം തിരുവനന്തപുരത്തെ റീജണല്‍ സെന്‍സര്‍ ബോര്‍ഡില്‍ സമര്‍പ്പിച്ചിരിക്കുകയാണ്. എറണാകുളം ഇടപ്പള്ളി സ്വദേശിയായ കെപി രാമചന്ദ്രനാണ് ഹര്ജിക്കാരന്.
Discussion about this post