ഇസ്ലാമാബാദ്: കഅബ ചുറ്റലിനിടെ ലൈംഗിക പീഡനത്തിന് ഇരയായെന്ന യുവതിയുടെ തുറന്നുപറച്ചില്‍ ശരിവെച്ച് അനുഭവങ്ങള്‍ തുറന്നു പറഞ്ഞ് നിരവധി സ്ത്രീകള്‍ രംഗത്ത്. കഅബ ചുറ്റുന്നതിനിടെ തനിക്കുണ്ടായ ദുരനുഭവം വിവരിച്ച് പാകിസ്ഥാനി സ്വദേശി ഷാബിഖാ ഖാന് ഫേസ്ബുക്കിലിട്ട കുറിപ്പ് ചര്‍ച്ചയായിരുന്നു. ഇതിന് താഴെയാണ് തങ്ങള്‍ക്കും ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുള്ളതായി നിരവധി സ്ത്രീകള്‍ വെളിപ്പെടുത്തിയത്.
ഷാബിഖാ ഖാന്റെ ഫേസ്ബുക്ക് പോസ്റ്റ്:
ഇത് നിങ്ങളുടെ മതവികാരങ്ങളെ വ്രണപ്പെടുത്തുമെന്നതിനാല്‍ ഷെയര്‍ ചെയ്യാന്‍ എനിക്ക് ഭയമുണ്ടായിരുന്നു.
കഅബക്കു ചുറ്റം തവാഫ് ചെയ്യുന്നതിനിടെ വിചിത്രമായ ചില കാര്യങ്ങള്‍ നടന്നു. അതെന്റെ മൂന്നാമത്തെ തവാഫ് ആയിരുന്നു. എന്റെ അരക്കെട്ടില്‍ ആരോ കൈവെച്ചതായി തോന്നി. ഞാന്‍ കരുതി ആരോ അബദ്ധത്തില്‍ ചെയ്തുപോയതാണെന്ന്. തീര്‍ത്തും ഇത് അവഗണിക്കുകയും ചെയ്തു. പക്ഷേ വീണ്ടും അതേ അനുഭവം. അതെന്നെ ഏറെ അസ്വസ്ഥയാക്കി. ഞാന്‍ മുന്നോട്ടു നടക്കുന്നത് തുടരുന്നു. ആറാമത്തെ തവാഫില്‍ എന്തോ എന്റെ നിതംബത്തില്‍ തള്ളുന്നതായി തോന്നി. ഞാന്‍ മരവിച്ചുപോയി. ബോധപൂര്‍വ്വം ചെയ്തതാണോയെന്ന് എനിക്കുറപ്പില്ലായിരുന്നു. തിക്കും തിരക്കും കാരണം ഞാനത് അവഗണിച്ച് മെല്ലെ നീങ്ങി.
ഞാന്‍ തിരിഞ്ഞുനോക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷേ തിരക്കുകാരണം സാധിച്ചില്ല. ഞാന്‍ യെമനി മൂലയില്‍ എത്തിയപ്പോള്‍ ആരോ എന്റെ നിതംബത്തില്‍ നുള്ളുകയും പിടിക്കുകയും ചെയ്തു. ഞാനവിടെ നില്ക്കാന് തീരുമാനിച്ചു. അയാളുടെ കൈപിടിച്ച് തട്ടിത്തെറിപ്പിച്ചു. അവിടെ നിന്നും നിന്നുതിരിയാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. രക്ഷപ്പെടാന്‍ പോലും സാധിച്ചില്ല. അതിനാല്‍ ഞാന്‍ അവിടെ തന്നെ നിന്നു. എന്താണ് നടക്കുന്നതെന്നറിയാന്‍ എന്നാലാവുംവിധം തിരിഞ്ഞുനോക്കാന്‍ ശ്രമിച്ചു. പക്ഷേ ആരാണത് ചെയ്തതെന്ന് കണ്ടില്ല.
ഞാനാകെ വിഷമിച്ചു. സംസാരിക്കാന്‍ പോലും കഴിഞ്ഞില്ല. എന്റെ ഉമ്മയൊഴികെ ആരും ഞാന്‍ പറയുന്നത് വിശ്വസിക്കുകയും ഗൗരവമായി എടുക്കുകയും ചെയ്യില്ലെന്ന് അറിയാവുന്നതുകൊണ്ട് ഞാന്‍ മിണ്ടാതെ നിന്നു.
ഹോട്ടല്‍മുറിയിലേക്ക് തിരിച്ചുവന്നപ്പോള്‍ ഞാനെല്ലാ കാര്യങ്ങളും ഉമ്മയോടു പറഞ്ഞു. അവരാകെ ആശയക്കുഴപ്പത്തിലായി. ഈ സംഭവത്തിനുശേഷം ഒരിക്കല്‍ പോലും ഒറ്റയ്ക്ക് അവിടെ പോകാന്‍ അവര്‍ എന്നെ അനുവദിച്ചിട്ടില്ല.
വിശുദ്ധ സ്ഥലങ്ങളില്‍പോലും നമ്മള് സുരക്ഷിതരല്ല എന്ന് പറയേണ്ടിവരുന്നത് വളരെ വേദനാകരമാണ്. ഞാന്‍ പീഡനത്തിന് ഇരയായത് ഒന്നോ രണ്ടോ തവണയല്ല. മൂന്നുതവണയാണ്. ആ പവിത്ര നഗരത്തിലെ എന്റെ എല്ലാ അനുഭവങ്ങളും ഈ ദുരനുഭവം മറയ്ക്കുകയാണ്. ഇക്കാര്യം തുറന്നുപറയുന്നത് എന്നെ സംബന്ധിച്ച് വളരെ പ്രധാനമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. നിങ്ങളില്‍ എത്രപേര്‍ക്ക് സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടെന്ന് അറിയില്ല.
ഇതിന് താഴെ വന്ന പ്രതികരണങ്ങള്‍ ഈ ആരോപണത്തെ ശരിവെക്കുന്നതാണ്.
‘ ഒറ്റയ്ക്ക് തവാഫ് ചെയ്യുന്നത് സുരക്ഷിതമല്ല. എന്റെ ഉമ്മയ്ക്കും ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്. ഭാഗ്യവശാല്‍ ഞാനന്ന് ഉമ്മയ്ക്കൊപ്പമുണ്ടായിരുന്നില്ല. പക്ഷേ ഇത് തീര്‍ത്തും നിങ്ങളുടെ തെറ്റാണ്. നിങ്ങള്‍ ആദ്യശ്രമത്തില്‍ തന്നെ ഇത് അവഗണിക്കരുതായിരുന്നു. മറ്റു സ്ത്രീകളെക്കൂടി ഇത്തരത്തില്‍ ഉപദ്രവിക്കാന്‍ അയാള്‍ക്ക് ആത്മവിശ്വാസം നല്‍കലാവും അത്.’ എന്നാണ് ഒരു പ്രതികരണം.
‘ മദീനയിലെ ഞങ്ങളുടെ മുറിയില്‍ ചിലര്‍ കടന്നുവന്നു. സഹോദരി എന്തോ ആവശ്യത്തിന് അടുത്ത മുറിയില്‍ പോയപ്പോഴായിരുന്നു അത്. അവള് പെട്ടെന്ന് വരുമെന്ന് കരുതി ഞങ്ങള്‍ മുറി അടച്ചിരുന്നില്ല. അതുപോലെ തവാഫ് സമയത്ത് പണം മോഷ്ടിക്കപ്പെടുന്ന സംഭവങ്ങളുണ്ട്. അവര്‍ക്കൊപ്പം അവിടെപ്പോലും അള്ളാഹുവിനെ ഭയമില്ല.’മറ്റൊരു സ്ത്രി എഴുതുന്നു
‘ഇത് വേദനിപ്പിക്കുന്ന യാഥാര്‍ത്ഥ്യമാണ്. ഇങ്ങനെ സംഭവിക്കാറുണ്ട്. ഇത്തരം പെരുമാറ്റത്തിന് യാതൊരു ന്യായീകരണവുമില്ല. ഒരുതവണ തവാഫ് ചെയ്യുന്ന സമയത്തു നടന്ന ഒരു കാര്യം ഞാന്‍ ഓര്‍ക്കുന്നു. എനിക്കു ചുറ്റും ഒരുകൂട്ടം സ്ത്രീകളുണ്ടായിരുന്നു. പെട്ടെന്ന് പിറകില്‍ വലിയ തള്ളല്‍ അനുഭവപ്പെടുന്നതായി തോന്നു. ഞാന്‍ കരുതി തടിച്ച ഏതോ സ്ത്രീ തള്ളുന്നതായിരിക്കുമെന്നാണ്. തിരിഞ്ഞുനോക്കിയപ്പോള്‍ കമ്മീസും ഷാള്വാറും ധരിച്ച ഒരു പാകിസ്ഥാനി യുവാവ്. ഞാന്‍ തിരിഞ്ഞുനിന്നതോടെ അയാള്‍ പേടിച്ച് അവിടംവിട്ടു. അയാളൊന്നും തവാഫോ ഉംറയോ ചെയ്യാന്‍ വരുന്നതല്ല. അയാളുടെ ഏക ലക്ഷ്യം സ്ത്രീകളെ ഉപദ്രവിക്കുകയെന്നതാണ്.’
‘അതെ എനിക്കും ഈ അനുഭവമുണ്ടായിട്ടുണ്ട്. ഹജ്ജിന്റെ സമയതത് താരതമ്യേന തിരക്കു കുറച്ചു മുകളിലത്തെ നിലയില്‍ തവാഫ് ചെയ്യാനാണ് ഞാന്‍ താല്പര്യപ്പെടാറ്. സുരക്ഷയെക്കുറിച്ചൊന്നും ആശങ്കപ്പെടാതെ പ്രാര്‍ത്ഥനയില്‍ മുഴുകാമല്ലോ.’
‘ഇത്തരം അനുഭവങ്ങള്‍ നേരിട്ടതായി ചില സുഹൃത്തുക്കള്‍ എന്നോടു പറഞ്ഞിട്ടുണ്ട്. മാറില്‍ പിടിക്കലും പിറകില്‍ തോണ്ടലുമെല്ലാം നേരിട്ടിട്ടുണ്ടെന്ന്.-എന്നിങ്ങനെ നിരവധി പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.
Discussion about this post