ഒരു നൂറ്റാണ്ടുമുമ്പ് ഓട്ടോമന്‍ തുര്‍ക്കികള്‍ കൊലപ്പെടുത്തിയതായി പറയുന്ന 15 ലക്ഷം അര്‍മേനിയക്കാരെയും അര്‍മേനിയന്‍സഭ വിശുദ്ധരായി പ്രഖ്യാപിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ കാനോനിക വിശുദ്ധ പ്രഖ്യപനമാണ് ഇതെന്നാണ് സഭയുടെ അവകാശവാദം.
കൂട്ടക്കൊലയുടെ 100ാം വാര്‍ഷികം ലോകവ്യാപകമായി വെള്ളിയാഴ്ച ആചരിക്കാനിരിക്കെയാണ് നടപടി.
തലസ്ഥാനമായ യെറിവാനടുത്ത് എച്മിയാദ്സിനിലെ സഭയുടെ ഏറ്റവുംവലിയ കത്തീഡ്രലിനു പുറത്ത് പ്രത്യേകം തയാറാക്കിയ വേദിയില്‍ പ്രസിഡന്റ് ഷെര്‍സ് സര്കീസിയാന് ഉള്‍പ്പെടെ നേതാക്കളുടെ സാന്നിധ്യത്തില്‍ പ്രാദേശിക സമയം 7.15നായിരുന്നു പ്രഖ്യാപനം. കൊല നടന്ന 1915ന്റെ പ്രതീകമായാണ് 19.15 എന്ന സമയം തെരഞ്ഞെടുത്തത്. ചടങ്ങുകള്‍ക്കവസാനം രാജ്യത്തുടനീളം പള്ളിമണികള്‍ മുഴങ്ങുകയും ഒരുമിനിറ്റ് മൗനമാചരണം നടക്കുകയും ചെയ്തു.
ന്യൂയോര്‍ക്, മഡ്രിഡ്, വെനീസ്, ബെര്‍ലിന്‍, പാരിസ് ഉള്‍പ്പെടെ നഗരങ്ങളിലും ഇതേസമയം പള്ളിമണികള്‍ മുഴക്കിയതായി അര്‍മേനിയന്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു.
കൂട്ടക്കുരുതിയുടെ നാളുകളില്‍ തങ്ങളുടെ ലക്ഷക്കണക്കിനാളുകള്‍ വാളിനും അഗ്നിക്കും പീഡനങ്ങള്ക്കുമിരയായെന്ന് ചടങ്ങുകള്‍ക്ക് നേതൃത്വംനല്‍കിയ അര്‍മേനിയന്‍ സഭാധ്യക്ഷന് കരേക്കിന്‍ രണ്ടാമന് കാതോലിക്ക പറഞ്ഞു.
ഈ രക്തസാക്ഷികള്‍ക്ക് വിശുദ്ധപദവി നല്‍കുന്നതിലൂടെ ജീവദായകമായ പുതു ശ്വാസവും അനുഗ്രഹങ്ങളുമാണ് തങ്ങളുടെ ദേശീയവും സഭാപരവുമായ ജീവിതത്തിന് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post