ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങളിലുള്‍പ്പെടെ അബുദാബി കിരീടാവകാശിയുടേതെന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജമെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധമറിയിച്ച് യു.എ.ഇയിലെ മാധ്യമങ്ങള്‍. അബുദാബി കിരീടാവകാശിയും യു .എ.ഇ.സായുധസേനയുടെ ഉപസര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ‘ജയ് സിയാ റാം’ എന്ന ആശംസയോടെ സദസ്സിനെ അഭിസംബോധന ചെയ്യുന്നു എന്ന പേരിലാണ് ദൃശ്യങ്ങള്‍ ചില ഇന്ത്യന്‍ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദി യു.എ.ഇയില്‍ പര്യടനം നടത്തുന്നതിനിടയില്‍ തന്നെയാണ് ഇന്ത്യന്‍ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയകളിലും ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്. രണ്ട് വര്‍ഷം മുമ്പ് അബുദാബിയില്‍ മുരാരി ബാപ്പു സംഘടിപ്പിച്ച ആത്മീയ പരിപാടിയിലാണ് വീഡിയോക്ക് അടിസ്ഥാനമായ സംഭവം നടക്കുന്നത്. അബുദാബി കിരീടാവകാശി ഇത്തരമൊരു പരിപാടിയില്‍ പങ്കെടുത്തിരുന്നില്ല. യു.എ.ഇ.യിലെ അറിയപ്പെടുന്ന പംക്തീകാരനായ സുല്‍ത്താന്‍ സൂദ് അല്‍ കാസ്സെമിയാണ് വിഡിയോയില്‍ കാണുന്ന വ്യക്തി. ഈ വ്യക്തിയെയാണ് അബുദാബി കിരീടാവകാശിയെന്ന് പറഞ്ഞ് ചില ഇന്ത്യന്‍ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നത്. ടൈംസ് നൗവിന്റെ ട്വിറ്ററിലാണ് ഇത് ആദ്യം പ്രത്യക്ഷപ്പെട്ടത്. സീ ന്യൂസ്, എ.ബി.പി. ആനന്ദ, ദൈനിക് ഭാസ്കര്‍ തുടങ്ങി ഒട്ടേറെ ചാനലുകള്‍ ശനിയാഴ്ചയും ഞായറാഴ്ചയുമായി ഈ വീഡിയോ വ്യാപകമായി വാര്‍ത്തകളില്‍ ഉപയോഗിക്കുകയും ചെയ്തു.
വീഡിയോ ശ്രദ്ധയില്‍ പെട്ട ഉടന്‍ ചിലര്‍ ട്വിറ്ററില്‍ തെറ്റ് ചൂണ്ടിക്കാട്ടിയിട്ടും പേര് മാറ്റിയശേഷം വീണ്ടും അബുദാബി ശൈഖ് എന്ന പേരില്‍ ഈ വീഡിയോ പ്രചരിക്കുകയായിരുന്നു. ചില ഇന്ത്യന്‍ മാധ്യമങ്ങളുടെ നിരുത്തരവാദപരമായ സമീപനത്തിനെതിരെ ഇന്ത്യന്‍ മാധ്യമങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.
Discussion about this post