കൊച്ചി: ഒരു അഡാര്‍ ലൗവ് എന്ന സിനിമയിലെ പ്രവാചക നിന്ദ എന്ന ആരോപണം ഉയര്‍ന്ന ”മാണിക്യ മലരായ പൂവി” എന്ന ഗാനം പിന്‍വലിക്കില്ലെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.. ജനങ്ഹളുടെ പിന്തുണ കണക്കിലെടുത്താണ് പാട്ട് പിന്‍വലിക്കേണ്ടെന്ന തീരുമാനം എടുത്തതെന്ന് സംവിധായകന്‍ ഒമര്‍ ലുലു പറഞ്ഞു. ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശമില്ലെന്നും പാട്ട് പിന്‍വലിക്കുന്നുവെന്നും വ്യക്തമാക്കി മണിക്കൂറുകള്‍ക്കുള്ളിലാണ് തീരുമാനം മാറ്റി സംവിധായകന്‍ രംഗത്തെത്തിയത്.
‘മാണിക്യ മലരായ പൂവി…’ എന്നു തുടങ്ങുന്ന ഗാനം സോഷ്യല്‍ മീഡയകളില്‍ വൈറലായിരുന്നു. അഡാര്‍ ലൗവിലെ ഗാനത്തില്‍ പ്രിയ പ്രകാശ് വാര്യരുടെ മുഖഭാവംകൊണ്ട് ശ്രദ്ധിക്കപ്പെടുകയായിരുന്നു.
ഇതിനിടെയാണ് മാണിക്യമലരായ പൂവി എന്നു തുടങ്ങുന്ന വരികള്‍ മുസ്ലിം മതവികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ഹൈദരാബാദിലെ ഒരു കൂട്ടം യുവാക്കള്‍ പോലീസില്‍ പരാതി നല്‍കിയത്. മുഹമ്മദ് നബിയെ അപമാനിക്കുന്നതാണ് ഗാനമെന്ന് ഇവര്‍ ആരോപിക്കുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ സംവിധായകന്‍ ഒമര്‍ ലുലുവിനെതിരേ കേസ് എടുക്കുമെന്ന് എസിപി സൈദ് ഫയാസ് പറഞ്ഞു. മതവികാരം വ്രണപ്പെടുത്തിയതിന് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 295 എ വകുപ്പ് എടുക്കാനാകുമോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്. ഗാനം പരിഭാഷപ്പെടുത്തിയപ്പോള്‍ നബിയും ഖദീജ ബീവിയുമായുള്ള വിവാഹവുമായി ബന്ധപ്പെട്ട കാര്യമാണ് പരാമര്‍ശിച്ചിരിക്കുന്നതെന്നു മനസിലായി എന്നും ഇത് നബിയെ അപമാനിക്കുന്നതാണെന്നുമാണ് പരാതിയില്‍ പറയുന്നത്. ഗാനം പിന്‍വലിക്കുകയോ വരികള്‍ മാറ്റിയെഴുതുകയോ ചെയ്യണമെന്നും പരാതിക്കാര്‍ പറയുന്നു.
പി.എം.എ. ജബ്ബാറിന്റെ വരികള്‍ക്ക് തലശേരി കെ. റഫീക് ഈണം നല്കിയ ഗാനം പുനരവതരിപ്പിക്കുകയായിരുന്നു ഷാന്‍ റഹ്മാനും വിനീത് ശ്രീനിവാസനും ചെയ്തത്. പരാതി ഉയര്‍ന്നതോടെ ചിത്രത്തില്‍ ഗാനം ഉണ്ടാവില്ലെന്നും യു ട്യൂബില്‍നിന്നു പിന്‍വലിക്കുമെന്നും സംവിധായകന്‍ ഒമര്‍ ലുലു പ്രഖ്യാപിച്ചെങ്കിലും പിന്നീട് തീരുമാനം മാറ്റി. ഗാനത്തിന്റെ ജനപ്രീതി കണക്കിലെടുത്താണ് ഗാനം പിന്‍വലിക്കില്ലെന്നു തീരുമാനിച്ചതെന്ന് ഷാന്‍ റഹ്മാനും ഒമര്‍ ലുലുവും പിന്നീട് പ്രതികരിച്ചു. ചിത്രം ജൂണില്‍ പ്രദര്‍ശനത്തിനെത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
ചിത്രത്തിനെതിരെ ദേശീയ തലത്തില്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് മുംബൈയില്‍ ചേര്‍ന്ന മുസ്ലിം പണ്ഡിതരുടെ യോഗം തീരുമാനിച്ചു. മുസ്ലിങ്ങള്‍ ഈ പാട്ട് കേളഅ#ക്കരുതെന്നും മുസ്ലിം നേതാക്കള്‍ ആവശ്യപ്പെട്ടു.
Discussion about this post