ത്രിപുരയില്‍ ഇടതുപക്ഷത്തിന്റെ ജയം ആഗ്രഹിക്കുന്നുവെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബംഗാളില്‍ സി.പി.എം വിരുദ്ധ നിലപാടാണ് എടുക്കുന്നതെങ്കിലും ബി.ജെ.പി.യെ മുഖ്യ എതിരാളിയായി കണക്കാക്കുന്ന സാഹചര്യത്തിലാണ് ഈ നിലപാടെന്ന് മമത.
ത്രിപുരയില്‍ 25 കൊല്ലത്തെ ഇടത് ഭരണത്തിന് വന്‍ വെല്ലുവിളിയാണ് ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി കാഴ്ചവെച്ചത്. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുഖ്യ എതിരാളിയായി മാറിയിരിക്കുകയാണ് ബി.ജെ.പി. ഇടത് പാര്‍ട്ടികള്‍ ത്രിപുരയില്‍ തോല്‍വിയുടെ വക്കിലാണെന്നും അവരുടെ അഹങ്കാരവും ധിക്കാരവും അവരുടെ പതനത്തിന് കാരണമായെന്നും മമത കൂട്ടിച്ചേര്‍ത്തു. ബീഹാറില്‍ ലാലു പ്രസാദ് നടത്തിയ ബിജെപി വിരുദ്ധ റാലിയില്‍ സി.പി.എം പങ്കെടുക്കാത്ത വസ്തുതയും മമത ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും, പാര്‍ട്ടി പ്രസിഡന്റ് അമിത് ഷായും ത്രിപുരയില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായിരുന്നു. ത്രിപുര കൂടാതെ മേഘാലയ, നാഗാലാന്‍ഡ് തുടങ്ങിയ സംസ്ഥാനങ്ങളുടെയും തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ശനിയാഴ്ച (മാര്‍ച്ച് 3ന്) പ്രഖ്യാപിക്കും.
ത്രിപുരയിലെ മൂന്ന് പ്രധാന എക്സിറ്റ് പോളുകളില്‍ രണ്ടെണ്ണവും ബിജെപിയെ വിജയിയായി പ്രഖ്യാപിച്ചിരുന്നു. എന്നിരുന്നാലും, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ അധികാരത്തില്‍ തിരിച്ച് വരുമെന്ന് ഇടതുപക്ഷം ഉറച്ചു വിശ്വസിക്കുന്നു.
Discussion about this post