ഇസ്രായേലിലേക്ക് സൗദി വ്യോമപാതയിലൂടെ എയര്‍ ഇന്ത്യ വിമാനങ്ങള്‍ പറക്കുമെന്ന വാര്‍ത്ത സ്ഥിരീകരിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രയേലിലേക്കുള്ള എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് സൗദി അറേബ്യ വ്യോമ പാത തുറന്നുനല്‍കുമെന്ന് നെതന്യാഹു അമേരിക്കയില്‍ പറഞ്ഞു.. ഇസ്രയേല്‍ നഗരമായ ടെല്‍ അവീവിലേക്കും തിരിച്ചുമുള്ള എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്കാണ് അനുമതി നല്‍കുക.അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നടത്തിയ ചര്‍ച്ചക്കു ശേഷം മാധ്യമങ്ങളോടായിരുന്നു നെതാന്യാഹുവിന്റെ പ്രതികരണം.
നേരത്തെ വ്യോമപാത എയര്‍ ഇന്ത്യക്ക് തുറന്നു നല്‍കുമെന്ന റിപ്പോര്‍ട്ടുകള്‍ സൗദി അറേബ്യ തള്ളിയിരുന്നു. മൂന്ന് ആഴ്ച കൂടുമ്പോള്‍ ഒരു തവണ സൗദിയിലൂടെ ടെല്‍ അവീവിലേക്ക് വിമാനസര്‍വീസുകള്‍ നടത്താനുള്ള തീരുമാനം എടുത്തതായുള്ള എയര്‍ ഇന്ത്യയുടെ പ്രഖ്യാപനം അറിയില്ലെന്നായിരുന്നു സൗദി അധികൃതര്‍ പറഞ്ഞത്. സൗദിയുടെ അനുമതിയില്ലാത്തതിനാല്‍ ഇന്ത്യ-ഇസ്രയേല്‍ വിമാനങ്ങള്‍ ചെങ്കടല്‍, ഗള്‍ഫ് ഓഫ് ഏദന്‍ എന്നിവയിലൂടെയുള്ള വഴിയിലൂടെയാണ് സഞ്ചരിക്കുന്നത്. ഈ സര്‍വ്വീസിന് ഏഴ് മണിക്കൂര്‍ ആവശ്യമായി വരും. എന്നാല്‍ സൗദി അറേബ്യക്കു മുകളിലൂടെ സര്‍വീസ് നടത്താനായാല്‍ രണ്ടു മണിക്കൂര്‍ ലാഭിക്കാനാവും.
അതേസമയം വ്യോമപാത തുറന്നു നല്‍കുന്നതിനെക്കുറിച്ചുള്ള നെതന്യാഹുവിന്റെ പ്രഖ്യാപനം സംബന്ധിച്ച് സൗദി അറേബ്യന്‍ അധികൃതരുടെ ഭാഗത്തുനിന്ന് ഇനിയും സ്ഥിരീകരണം ഉണ്ടായിട്ടില്ല. എയര്‍ ഇന്ത്യയും പ്രതികരിച്ചിട്ടില്ല
Discussion about this post