അട്ടപ്പാടിയിലെ ആദിവാസികള്‍ക്കായി കോടിക്കണക്കിന് രൂപയാണ് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ വിവിധ തലങ്ങളില്‍ അനുവദിച്ചത്. എന്നാല്‍ അട്ടപ്പാടി അഗളി ആദിവാസി മേഖലകളില്‍ പ്രഥമിക കാര്യങ്ങളില്‍ പോലും വികസനമെത്തിയിട്ടില്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വികസനത്തിനായുള്ള സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള അവിശുദ്ധ ബന്ധം ശക്തിപ്പെടുക മാത്രമാണുണ്ടായത്. പഞ്ചായത്തീ രാജ് വ്യവസ്ഥക്കും അട്ടപ്പാടി ഹില്‍ ഏരിയ ഡെവലപ്പ്മെന്റ് സൊസൈറ്റിക്കും ഈ വിശുദ്ധ സംഘത്തെ തൊടാനായിട്ടില്ല. അതിനാല്‍, അട്ടപ്പാടി മേഖലയിലെ എല്ലാ വികസന പ്രവര്‍ത്തനങ്ങളിലും ഒരു സ്വതന്ത്ര ഏജന്‍സി സോഷ്യല്‍ ഓഡിറ്റിങ് നടത്തണമെന്നും ഓഡിറ്റിങ്ങ് റിപോര്‍ട്ട് കോടതിയോ സര്‍ക്കാരോ പരിശോധിക്കണമെന്നും അമിക്കസ് ക്യൂറിയുടെ നിര്‍ദ്ദേശമുണ്ട്. അട്ടപ്പാടിയിലെ എല്ലാ വികസന പദ്ധതികളും സോഷ്യല്‍ ഓഡിറ്റിങിന് വിധേയമാക്കണമെന്ന് അമിക്കസ് ക്യൂറിയുടെ റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
മധുവെന്ന ആദിവാസി യുവാവിനെ ജനക്കൂട്ടം അടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ സ്വമേധയാ എടുത്ത കേസില്‍ ഹൈക്കോടതി നിയമിച്ച അമിക്കസ് ക്യൂറിയാണ് കോടതിയില്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
അഗളി, പുതൂര്‍, ഷോളയൂര്‍ ഗ്രാമപഞ്ചായത്തുകളിലെ 48 വാര്‍ഡുകളാണ് അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തിലുള്ളത്. ഓരോ വാര്‍ഡില്‍ നിന്നും വിദ്യഭ്യാസമുള്ള രണ്ടു ആദിവാസികളെ തിരഞ്ഞെടുത്ത് അവര്‍ക്ക് ഓഡിറ്റിങ്ങില്‍ പരിശീലനം നല്‍കണമെന്ന് റിപോര്‍ട്ടില്‍ നിര്‍ദ്ദേശമുണ്ട്. ഇവരെ ട്രൈബല്‍ വില്ലേജ് ഓഡിറ്റര്മാരാക്കണം. ഓരോ വാര്‍ഡിലും പബ്ലിക്ക് ഹിയറിങ് നടത്തണം. ഈ റിപോര്‍ട് പഞ്ചായത്തിനും വിവിധ വകുപ്പുകളുടെ മേധാവികള്‍ക്കും കൈമാറണം. തുടര്‍ന്ന് ഓരോ ആറുമാസത്തിലും ചീഫ്സെക്രട്ടറിക്ക് റിപോര്‍ട്ടായി നല്‍കണമെന്നും അമിക്കസ് ക്യൂറി ആവശ്യപ്പെടുന്നു.
1975ലെ അന്യാധീനപ്പെട്ട ആദിവാസി ഭൂമി വീണ്ടെടുക്കല്‍ നിയമം കടലാസില്‍ ഒതുങ്ങിയെന്ന് റിപോര്‍ട്ടില്‍ അമിക്കസ് ക്യൂറി കുറ്റപ്പെടുത്തുന്നു. ആദിവാസികള്‍ക്ക് ഭൂമി നല്‍കാനുള്ള എല്ലാ നീക്കങ്ങളെയും നിലവിലെ കുടിയേറ്റക്കാര്‍ എതിര്‍ക്കുകയാണ്. 1951ലെ സെന്‍സസ് പ്രകാരം അട്ടപ്പാടിയിലെ ആദിവാസി ജനസംഖ്യ 90.32ശതമാനമായിരുന്നു. 2011ല്‍ ഇത് 40 ശതമാനമായി ചുരുങ്ങി. കേരളത്തിലെ ഇന്റഗ്രേറ്റഡ് ട്രൈബല്‍ ഡെവലപ്പ്മെന്റ് പ്രൊജക്ട് (ഐടിഡിപി) ഏകോപിപ്പിക്കാന്‍ സ്വതന്ത്രനായ ഒരു പ്രൊജക്ട് ഓഫീസര്‍ ഇല്ല. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയാണ് ഈ ചുമതല വഹിക്കുന്നത്. അതിനാല്‍ തന്നെ ഫണ്ട് വേണ്ട രീതിയില്‍ ചെലവഴിക്കാന്‍ ആവുന്നില്ല. ഐഎഎസ് റാങ്കില്‍ കുറയാത്ത ഒരാളെ നോഡല്‍ ഓഫീസറായി നിയമിക്കലാണ് പ്രശ്നപരിഹാരം. 28 സര്‍ക്കാര്‍ വകുപ്പുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വഴിയുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ ഈ ഉദ്യോഗസ്ഥന് ഏകോപിപ്പിക്കണം. അട്ടപ്പാടി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇയാള്‍ ആദിവാസികളുമായി നേരിട്ട് ഇടപഴകണം. കുടിവെള്ളത്തിന് വേണ്ടി ലക്ഷങ്ങള്‍ ചെലവഴിച്ചെങ്കിലും പൈപ്പുകളില്‍ വെള്ളമില്ലെന്ന് റിപോര്‍ട് നിരീക്ഷിക്കുന്നു. പോഷകാഹാര കുറവ് പരിഹരിക്കാന്‍ നിരവധി പദ്ധതികള്‍ കൊണ്ടുവന്നെങ്കിലും ശിശുമരണം തുടര്‍ക്കഥയാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
Discussion about this post