പാലാ: കേരളാ കോണ്‍ഗ്രസ് നേതാവ് കെ.എം മാണിയുമായി ബി ജെ പി സംസ്ഥാനഘടകം നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. നാളെ കേരളാ കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റി ചേരാനിരിക്കെയുള്ള സന്ദര്‍ശനം ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ളതാണ്.പി കെ കൃഷ്ണദാസ് ഉള്‍പ്പെടെയുള്ള ബി ജെ പി നേതാക്കളാണ് കൂടിക്കാഴ്ചയ്ക്ക് എത്തിയത്. കെ എം മാണിയുടെ പാലായിലെ വസതിയില്‍ എത്തിയായിരുന്നു ഒന്നര മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച.
ബി ജെ പി കോട്ടയം ജില്ലാ സെക്രട്ടറി എന്‍ ഹരി ഉള്‍പ്പെടെയുള്ളവര്‍ കൃഷ്ണദാസിന് ഒപ്പമുണ്ടായിരുന്നു.തിരഞ്ഞെടുപ്പില്‍ എല്ലാ വിഭാഗം ജനങ്ങളുടേയും പിന്തുണ ആഗ്രഹിക്കുന്നുവെന്ന് പി.കെ. കൃഷ്ണദാസ് കൂടിക്കാഴ്ചക്ക് ശേഷം പ്രതികരിച്ചു. എന്നാല്‍ കെ.എം. മാണിയുമായി രാഷ്ട്രീയം ചര്‍ച്ച ചെയ്തില്ലെന്നും കൃഷ്ണദാസ് വ്യക്തമാക്കി.
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്വീകരിക്കേണ്ട നിലപാടാണ് നാളത്തെ സ്റ്റിയറിംഗ് കമ്മറ്റി യോഗത്തിലെ പ്രധാന അജന്‍ഡ.
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ അണികളോട് മനഃസാക്ഷി വോട്ട് ചെയ്യാനാകും കേരളാ കോണ്‍ഗ്രസ് ആഹ്വാനം ചെയ്യുകയെന്നും സൂചനകള്‍ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ കൂടിക്കാഴ്ചയെ സൗഹൃദസന്ദര്‍ശനമെന്നാണ് കേരളാ കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചിപ്പിച്ചത്.
Discussion about this post