ഡല്‍ഹി: തടവുശിക്ഷാ കാലാവധി വര്‍ധിപ്പിച്ച് അഴിമതി നിരോധന നിയമം കര്‍ശനമാക്കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. കുറ്റം തെളിഞ്ഞാല്‍ ഇനി അഞ്ച് വര്‍ഷം മുതല്‍ ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുന്നതരത്തിലാണ് ഭേദഗതി. നിലവില്‍ ശിക്ഷ വെറും ആറുമാസം മുതല്‍ മൂന്നുവര്‍ഷം വരെ തടവുശിക്ഷയായിരുന്നു വ്യവസ്ഥ ചെയ്തിരുന്നത്.
ഏഴുവര്‍ഷം തടവുശിക്ഷ വ്യവസ്ഥയാകുന്നതോടെ അഴിമതി നീച കുറ്റകൃത്യങ്ങളുടെ വിഭാഗത്തിലാകും. രാജ്യസഭയുടെ പരിഗണനയിലുള്ള അഴിമതി നിരോധന ഭേദഗതി ബില്ലില്‍ പുതിയ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തും. കൈക്കൂലി വാങ്ങുന്നവര്‍ക്കും കൊടുക്കുന്നവര്‍ക്കും കടുത്ത ശിക്ഷ നല്‍കാനുള്ള ഭേദഗതികളും വരുത്തും. അഴിമതിക്കെതിരായ യുഎന്‍ കണ്വന്ഷന് മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസൃതമായാണു പുതിയ ഭേദഗതികള്‍.
അഴിമതിക്കാരുടെ സ്വത്തു കണ്ടുകെട്ടാനുള്ള അധികാരം വിചാരണക്കോടതി സ്പെഷല്‍ ജഡ്ജിക്കു നല്‍കുക, കൈക്കൂലി നല്‍കുന്നവര്‍ക്കെതിരായ വ്യവസ്ഥകള്‍ വ്യക്തികള്‍ക്കു പുറമേ വാണിജ്യ സ്ഥാപനങ്ങള്‍ക്കും ബാധകമാക്കുക, വാണിജ്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടവര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു കൈക്കൂലി നല്കുന്നതു തടയാനായി സ്ഥാപനങ്ങള്‍ക്കു മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുക, അഴിമതി കേസുകളിലെ വിചാരണ നടപടികള്‍ രണ്ടു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Discussion about this post