കോയമ്പത്തൂര്‍: തിങ്കളാഴ്ച അറസ്റ്റിലായ മാവോയിസ്റ്റ് നേതാവ് രൂപേഷിനെയും സംഘത്തെയും കേരളാ പോലീസ് ഇന്ന് ചോദ്യം ചെയ്യും. ആഭ്യന്തര സുരക്ഷ ഉദ്യോഗസ്ഥരായ ഡിവൈഎസ്പി പി. വാഹിദും ഡിവൈഎസ്പി സുരേഷും കോയമ്പത്തൂരിലെത്തിയാണ് ചോദ്യം ചെയ്യുക.
ഇന്നലെ മുതല്‍ മാവോയിസ്റ്റ് സംഘത്തെ തമിഴ്നാട് ക്യൂ ബ്രാഞ്ച് സംഘം ചോദ്യം ചെയ്തു വരികയാണ്. ഉച്ചയ്ക്ക് ശേഷം ഇവരെ കോയമ്പത്തൂര്‍ കോടതിയില്‍ ഹാജരാക്കും. ഇവരെ കസ്റ്റഡിയില്‍ കിട്ടാന്‍ തമിഴ്നാടും അപേക്ഷ നല്‍കും.
രൂപേഷിന്റെ സിം കാര്‍ഡിലെയും ഡയറിയിലെയും വിവരങ്ങള്‍ പോലീസ് പരിശോധിച്ച് വരികയാണ്. പോലീസ് വാഹനത്തില്‍ കയറ്റുമ്പോള്‍ മൊബൈല്‍ സിം കാര്‍ഡും ഡയറിയും രൂപേഷ് വലിച്ചെറിഞ്ഞിരുന്നു. പോലീസിന്റെ കണ്ണുവെട്ടിച്ചാണ് ഇവ വലിച്ചെറിഞ്ഞത്. പിന്നീട് നാട്ടുകാരാണ് സിം കാര്‍ഡും ഡയറിയും കണ്ടെത്തി പോലീസില്‍ ഏല്പിച്ചത്. ഡയറിയില്‍ കേരളത്തിലെ അഭിഭാഷകരുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും വിവരങ്ങളുള്ളതായാണ് വിവരം.
കഴിഞ്ഞ ദിവസം രൂപേഷും ഭാര്യ ഷൈനയും ഉള്‍പ്പെടെ അഞ്ചു പേരാണ് പോലീസ് പിടിയിലായത്. ആന്ധ്ര പോലീസാണ് ഇവരെ പിടികൂടിയത്. ഇവരില്‍ അനൂപ് എന്ന മലയാളിയും കണ്ണന് എന്ന തമിഴ്നാട് സ്വദേശിയും വീരമണി എന്ന ഈശ്വറും ഉള്‍പ്പെടുന്നു. കരുമറ്റംപെട്ടി എന്ന സ്ഥലത്തുനിന്ന് ഇന്നലെ വെകിട്ട് 4.30നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
Discussion about this post