ഡല്‍ഹി: ഐപിഎല്ലില്‍ ഇന്നലെ മരണക്കളിയായിരുന്നു മുംബൈ ഇന്ത്യന്‍സിന്റേത്. കരുതലോടെ ബാറ്റ് വീശിയായിരുന്നു മുംബൈയുടെ മുന്നേറ്റം. അവസാന ഓവറില്‍ കൃണാല്‍ പാണ്ഡ്യ തീര്‍ത്ത വെടിക്കെട്ടോടെ അവര്‍ വിജയതീരത്ത് അടുക്കുകയും ചെയ്തു. നാല് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സ് എന്ന നിലയിലായിരുന്ന മുംബൈ പിന്നീടുളള മൂന്ന് ഓവറില്‍ നിന്ന് മാത്രം 50 റണ്‍സ് നേടി.
ഓരോവറില്‍ ശരാശരി 16 റണ്‍സിന് മുകളിലായിരുന്നു മുംബൈ താരങ്ങള്‍ അവസാന മൂന്ന് ഓവറില്‍ നേടിയത്. 17-ാം ഓവറില്‍ 14 റണ്‍സും 18-ാം ഓവറില്‍ 20 റണ്‍സും 19-ാം ഓവറില്‍ 17 റണ്‍സും നേടി മുംബൈ വിജയതീരത്തേക്ക് പാഞ്ഞടുത്തു.
തങ്ങളുടെ നിയന്ത്രണത്തിലായിരുന്ന മത്സരം കൈവിടുന്നത് നോക്കിനില്‍ക്കാനേ പഞ്ചാബ് താരങ്ങള്ക്കായുളളൂ. ഒരു തോല്‍വിയൊന്നും പഞ്ചാബിനിപ്പോഴും വിഷയമേയല്ല. എട്ട് കളിയില്‍ അഞ്ചും ജയിച്ച് പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തുളള അവര്‍ക്ക് പുറകില്‍ നാല് പോയിന്റ് അകലെയാണ് മുംബൈ ഉളളത്. അതുകൊണ്ട് തന്നെ മത്സരം തോറ്റതിന്റെ കടുത്ത നിരാശയൊന്നും പഞ്ചാബ് താരങ്ങള്‍ക്കുണ്ടായിരുന്നില്ല. മല്‍സരം ആസ്വദിച്ച് കളിച്ചാണ് കിങ്സ് ഇലവന് കീഴടങ്ങിയതും.
എന്നാല്‍ മല്‍സരം മുംബൈ ജയിച്ച ശേഷം ഹസ്തദാനം നല്കാന് യുവ്രാജിന് സമീപമെത്തിയ രോഹിത് ശര്‍മ്മയെ കഴുത്തിന് കുത്തിപ്പിടിച്ച യുവ്രാജിന്റെ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി മാറിയിരിക്കുകയാണ്.
തന്റെ സഹജമായ തമാശക്കളി മൈതാന മധ്യത്തില്‍ പുറത്തെടുക്കുകയായിരുന്നു യുവി. കഴുത്തില്‍ നിന്ന് കൈയെടുത്ത ശേഷം കെട്ടിപ്പിടിച്ച് ഹസ്തദാനം ചെയ്താണ് താരങ്ങള്‍ ഇരുവരും തങ്ങളുടെ പവലിയനുകളിലേക്ക് മടങ്ങിയത്.
Discussion about this post