ബാർബഡോസ്: ട്വന്റി 20 ലോകകപ്പിലെ സൂപ്പർ 8 മത്സരത്തിൽ അമേരിക്കക്കെതിരെ അനായാസ ജയം സ്വന്തമാക്കി ഇംഗ്ലണ്ട്. ക്രിസ് ജോർദാൻ ഹാട്രിക് നേടിയ മത്സരത്തിൽ 10 വിക്കറ്റിനാണ് ഇംഗ്ലണ്ടിന്റെ വിജയം.
ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് 18.5 ഓവറിൽ അമേരിക്കയെ 115 റൺസിന് പുറത്താക്കി. ട്വന്റി 20 ലോകകപ്പിൽ ഹാട്രിക് നേടുന്ന ആദ്യ ഇംഗ്ലീഷ് താരമെന്ന റെക്കോർഡ് സ്വന്തം പേരിൽ കുറിച്ച ക്രിസ് ജോർദാനാണ് അമേരിക്കൻ ഇന്നിംഗ്സിൽ ഏറ്റവും കൂടുതൽ നാശം വിതച്ചത്. ജോർദൻ 2.5 ഓവറിൽ 10 റൺസ് മാത്രം വഴങ്ങി 4 വിക്കറ്റ് വീഴ്ത്തി. സാം കറനും ആദിൽ റഷീദും 2 വിക്കറ്റുകൾ വീതം വീഴ്ത്തി. 30 റൺസ് എടുത്ത നിതീഷ് കുമാറാണ് അമേരിക്കയുടെ ടോപ് സ്കോറർ.
മറുപടി ബാറ്റിംഗിൽ വെറും 9.4 ഓവറിലാണ് ഇംഗ്ലണ്ട് വിജയലക്ഷ്യം മറികടന്നത്. 38 പന്തിൽ 7 സിക്സറുകളും 6 ബൗണ്ടറികളും ഉൾപ്പെടെ 83 റൺസ് നേടിയ ജോസ് ബട്ട്ലർ അമേരിക്കൻ ബൗളിംഗിനെ തച്ച് തകർത്തു. 25 റൺസുമായി ഫിലിപ്പ് സാൾട്ട് ഉറച്ച പിന്തുണ നൽകിയതോടെ ഇംഗ്ലണ്ട് ഏകപക്ഷീയ വിജയം ആഘോഷിച്ചു.
Discussion about this post