ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ് എന്നറിയപ്പെടുന്ന ഭക്ഷണസാധനങ്ങള്‍ ഉപയോഗിയ്ക്കുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ ഏറിവരികയാണ്. പഴങ്ങളും പച്ചക്കറികളും കഴിയ്ക്കുന്നത് കുറഞ്ഞുവരികയും ചെയ്യുന്നു. ജങ്ക് ഭക്ഷണങ്ങളില്‍ ഉപയോഗിയ്ക്കുന്ന ട്രാന്‍സ് ഫാറ്റ് എന്നറിയപ്പെടുന്ന കൊഴുപ്പുകള്‍ സ്ത്രീകളില്‍ വന്ധ്യതയുണ്ടാക്കുമെന്ന് മുന്‍പു തന്നെ പഠനങ്ങള്‍ തെളിയിച്ചിരുന്നു. വനസ്പതി, ഡാല്‍ഡ മുതലായ ഹൈഡ്രൊജിനേറ്റഡ് എണ്ണകള്‍ ട്രാന്‍സ് ഫാറ്റുകള്‍ക്ക് ഉദാഹരണമാണ്. എന്നാല്‍ ഈ ജങ്ക് ഭക്ഷണം കഴിയ്ക്കുന്നവര്‍ക്ക് ട്രാന്‍സ് ഫാറ്റുകള്‍ ഉപയോഗിച്ചിലെങ്കില്ത്തന്നെ വന്ധ്യതയുണ്ടാവുമെന്ന് ഇപ്പോള്‍ പുതിയ പഠനങ്ങള്‍ തെളിയിയ്ക്കുന്നു.
ഇംഗ്ളണ്ടിലേയും ഓസ്ട്രേലിയയിലേയും ന്യൂസിലാന്‍ഡിലേയും ആറായിരത്തോളം വരുന്ന അമ്മമാരാകാന്‍ ശ്രമിയ്ക്കുന്ന സ്ത്രീകളില്‍ നടത്തിയ പഠനങ്ങളിലാണ് ഈ പുതിയ കണ്ടെത്തല്‍ നടത്തിയിട്ടുള്ളത്.
ആഴ്ചയില്‍ നാലു നേരം ജങ്ക് ഭക്ഷണം കഴിച്ചാല്‍ തന്നെ വന്ധ്യതയുണ്ടാകാന്‍ ഇരട്ടിയോളം സാദ്ധ്യതയുണ്ടെന്നാണ് പഠനത്തില്‍ പറയുന്നത്.
പഠനത്തില്‍ പങ്കെടുത്ത ആറായിരത്തോളം ആള്‍ക്കാരില്‍ ഏതാണ്ട് എട്ട് ശതമാനം ആള്ക്കാര് ഗര്‍ഭം ധരിയ്ക്കാന്‍ ഒരു വര്‍ഷത്തില്‍ കൂടുതല്‍ സമയമെടുത്തവരാണ്. അവരെ വന്ധ്യതയുള്ളവര് എന്ന വിഭാഗത്തിലാണ് പെടുത്തുന്നത്. പക്ഷേ ആഴ്ചയില്‍ നാലുനേരത്തില്ക്കൂടുതല് ജങ്ക് ഭക്ഷണം കഴിയ്ക്കുന്നവരില്‍ 16 ശതമാനം ആള്ക്കാര് വന്ധ്യത ബാധിച്ചവരായിരുന്നു.
ജങ്ക് ഭക്ഷണസാധനങ്ങള്‍ വളരെക്കുറച്ചു കഴിയ്ക്കുന്നവര്‍ മറ്റുള്ളവരേക്കാള്‍ വേഗത്തില്‍ ഗര്‍ഭിണികളായതായും കണ്ടെത്തി.
ജങ്ക് ഭക്ഷണം കഴിയ്ക്കുന്നത് വന്ധ്യത വരുത്തും എന്നത് മാത്രമല്ല, ധാരാളം പഴവര്‍ഗ്ഗങ്ങള്‍ കഴിയ്ക്കുന്നത് ഗര്‍ഭം ധരിയ്ക്കാന്‍ വളരെ നല്ലതാണെന്നും ഈ പഠനം തെളിയിച്ചിട്ടുണ്ട്. ദിവസം മൂന്നുപ്രാവശ്യമെങ്കിലും ഏതെങ്കിലും തരം പഴവര്‍ഗ്ഗങ്ങള്‍ കഴിച്ചവര്‍ സാധാരണ ഭക്ഷണം കഴിയ്ക്കുന്നവരേക്കാള്‍ പെട്ടെന്ന് തന്നെ ഗര്‍ഭിണികളായതായും ഈ പഠനം തെളിയിച്ചിരിയ്ക്കുന്നു.
ഈ പഠനം നയിച്ച പ്രൊഫസര്‍ ക്ളെയര്‍ റോബര്‍ട്സ് പറയുന്നു (യൂണിവേഴ്സിറ്റി ഓഫ് അഡലൈഡ്, ഓസ്ട്രേലിയ) ധാരാളം പഴവര്‍ഗ്ഗങ്ങള്‍ ഉള്‍പ്പെട്ട ആരോഗ്യകരമായ ഭക്ഷണവും ഫാസ്റ്റ് ഫുഡ് ഒഴിവാക്കലും ഗര്‍ഭം ധരിയ്ക്കാന്‍ വരുന്ന കാലതാമസം ഒഴിവാക്കുമെന്ന് ഈ പഠനം തെളിയിച്ചിരിയ്ക്കുകയാണ്.
അതുകൊണ്ട് മാതാപിതാക്കളാകാന്‍ ശ്രമിയ്ക്കുന്ന ദമ്പതികളേ, പിസ്സയും ബര്‍ഗറും ഫ്രഞ്ച് ഫ്രൈസും ഫ്രൈഡ് ചിക്കനും പൊറോട്ടയും ഡാല്ഡയുമൊക്കെ ഒഴിവാക്കി ധാരാളം മാങ്ങയും ചക്കയും വാഴപ്പഴവും ആപ്പിളും മുന്തിരിയുമൊക്കെ കഴിച്ചോളൂ.
.
Discussion about this post