കശ്മീരില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ തീവ്രവാദ അനുകൂലികള്‍ കല്ലെറിഞ്ഞു. ഇതില്‍ ഒരു തമിഴ്നാട് സ്വദേശി കൊല്ലപ്പെട്ടു. ചെന്നൈ സ്വദേശി തിരുമണി (22) ആണ് മരിച്ചത്. ശ്രീനഗര്‍-ഗുല്‍മാര്‍ഗ് റോഡില്‍ നര്‍ബാലിന് സമീപമാണ് സംഭവം. പരിക്ക് പറ്റിയതിനാല്‍ ചികിത്സയിലായിരുന്ന തിരുമണി തിങ്കളാഴ്ചയായിരുന്നു മരിച്ചത്. മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി സംഘത്തെ സന്ദര്‍ശിച്ചിരുന്നു. സ്ഥലത്തെ ഏക വരുമാന മാര്‍ഗമായ വിനോദ സഞ്ചാരമേഖലയെയും തകര്‍ക്കാനാണ് തീവ്രവാദികള്‍ ശ്രമിക്കുന്നത്
കേരളത്തില്‍ നിന്നുള്ള വിനോദസഞ്ചാര സംഘത്തിന് നേരെയും കല്ലേറുണ്ടായി. അനന്തനാഗ് ജില്ലയിലെ പഹല്‍ഗാമിന് സമീപം അഷ്മുഖാമില് വെച്ച് ഏപ്രില്‍ 30നായിരുന്നു കല്ലേറുണ്ടായത്. കാസര്‍കോട്, കണ്ണൂര്‍, എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളില്‍ നിന്നുള്ളവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. 47 പേരായിരുന്നു മൊത്തത്തിലുണ്ടായിരുന്നത്. നാല് വാഹനങ്ങളിലായി സഞ്ചരിച്ച് കൊണ്ടിരുന്ന ഇവരുടെ വാഹനങ്ങള്‍ കല്ലേറില്‍ തകര്‍ന്നു. ഏഴ് പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്.
ബേത്താബ് താഴ്വര കണ്ട് ശ്രീനഗറിലെ ഹോട്ടലിലേക്ക് മടങ്ങുകയായിരുന്നു സംഘം. വാഹനത്തിന് ദേശീയ പതാക കെട്ടിയിരുന്നു. കല്ലേറ് തുടങ്ങിയപ്പോള്‍ ഇവര്‍ വാഹനത്തില്‍ നിന്നും പതാക മാറ്റിയിരുന്നു. രൂക്ഷമായ കല്ലേറിനിടയിലും ഡ്രൈവര്‍മാര്‍ മനഃസാന്നിധ്യം കൈവിടാതെ വാഹനങ്ങള്‍ അതിവേഗം ഓടിച്ച് അടുത്തുള്ള പെട്രോള്‍ പമ്പിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് അനന്തനാഗ് കളക്ടറും എ.ഡി.എമ്മും സ്ഥലത്തെത്തി പരിക്കേറ്റവരെ ആസ്പത്രിയില്‍ എത്തിക്കുകയും ക്ഷമാപണം നടത്തുകയും ചെയ്തു. പിന്നീട് ഇവരുടെ യാത്രയ്ക്ക് സായുധ പോലീസ് സംരക്ഷണം നല്‍കിയിരുന്നു. ശനിയാഴ്ച സംഘം നാട്ടില്‍ തിരിച്ചെത്തിയിരുന്നു.
Discussion about this post