കൊച്ചി: കല്യാണ്‍ ജുവലേഴ്സിന്റെ എംബ്രേയര്‍ ലെഗസി 650 വിമാനമെത്തി.കല്യാണ്‍ ജുവലേഴ്സ് 200 കോടി രൂപ ചെലവഴിച്ച് സ്വന്തമാക്കിയ ഈ വിമാനം ബുധനാഴ്ചയാണ് കൊച്ചി വിമാനത്താവളത്തിലെത്തിയത്. പരമ്പരാഗത രീതിയില്‍ വാട്ടര്‍ സല്യൂട്ടോടെയായിരുന്നു വിമാനത്തിന് സ്വീകരണം. കന്നിപ്പറക്കലില്‍ വിമാനം കൊച്ചിയിലെത്തിയപ്പോള്‍ കല്യാണ്‍ ജുവലേഴ്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്, എക്സിക്യട്ടീവ് ഡയറക്ടര്‍മാരായ രാജേഷ് കല്യാണരാമന്, രമേഷ് കല്യാണരാമന് എന്നിവര്‍ സകുടുംബം സ്വീകരിക്കാന്‍ എത്തി.
25 ടണ്‍ ഭാരവും 26 മീറ്റര്‍ നീളവും 21 മീറ്റര്‍ ചിറക് വിരിവുമുള്ള വിമാനമാണ് എംബ്രേയര്‍ ലെഗസി 650. എട്ട് മണിക്കൂര്‍ വരെ തുടര്‍ച്ചയായി 834 കിലോമീറ്റര്‍ വേഗത്തില്‍ പറക്കാന്‍ ഈ വിമാനത്തിന് കഴിയും.
അതായത്, സിംഗപ്പൂരിലേക്കോ ദുബായിലേക്കോ യൂറോപ്പിലേക്കോ നിറുത്താതെ പറക്കാം. 40 സീറ്റുള്ള വിമാനമാണിത്. എന്നാല്‍, കസ്റ്റമൈസ് ചെയ്ത 13 സീറ്റുകളാണുള്ളത്. മൂന്ന് കാബിനുകളും ഒരു അടുക്കളയും സജ്ജീകരിച്ചിരിക്കുന്നു. വൈ ഫൈ സഹിതം ആധുനിക സൗകര്യങ്ങളുണ്ട്. സീറ്റുകള്‍ കിടക്കകളാക്കി മാറ്റാം.
ഇന്ത്യയില്‍ പതിനൊന്ന് പേര്‍ക്കേ എംബ്രേയര്‍ ലെഗസി 650 വിമാനമുള്ളൂ. ലോകത്ത്, ജാക്കി ചാനും ഫോര്‍മുല വണ്‍ ഡ്രൈവര്‍ ബാരിഷെല്ലോയ്ക്കും ഈ വിമാനം സ്വന്തമായുണ്ട്. ആഗോള തലത്തില്‍ വന്‍ ജുവലറി ബ്രാന്‍ഡായി മാറുന്നതിനുള്ള വികസന കുതിപ്പിനായാണ് ഈ വിമാനം സ്വന്തമാക്കിയതെന്ന് ടി.എസ്. കല്യാണരാമന് പറഞ്ഞു. ഫോബ്സിന്റെ പുതിയ ബില്യണയര്‍ പട്ടികയില്‍ ടി.എസ്. കല്യാണരാമന് ഇന്ത്യയിലെ ധനികരില്‍ 87ാം സ്ഥാനം നേടിയിരുന്നു. ചെറുദൂരങ്ങള്ക്കും ഗ്രാമീണ ലക്ഷ്യങ്ങള്‍ക്കുമായി മൂന്ന് വര്‍ഷം മുമ്പ് ഒരു വിമാനവും കഴിഞ്ഞ വര്‍ഷം ഒരു ഹെലികോപ്റ്ററും കല്യാണ്‍ സ്വന്തമാക്കിയിരുന്നു.
Discussion about this post