ബെംഗളൂരു: കര്‍ണാടകയില്‍ ഇന്ന് ജനതാദള്‍ നേതാവ് എച്ച്.ഡി. കുമാരസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. പിറ്റേന്നുതന്നെ വിശ്വാസവോട്ട് തേടാനാണ് തീരുമാനം. മമത ബാനര്‍ജി, അരവിന്ദ് കെജ്രിവാള്, പിണറായി വിജയന് തുടങ്ങിയ മുഖ്യമന്ത്രിമാരും, പ്രതിപക്ഷ നേതാക്കളും ചടങ്ങില്‍ പങ്കെടുക്കും.
സത്യപ്രതിജ്ഞ വിപുലമായി നടത്താനുള്ള തിരുമാനം ഉപേക്ഷിച്ചിട്ടുണ്ട്. അധികം വൈകാതെ തന്നെ വിശ്വാസവോട്ട് നേടാനാണ് കുമാരസ്വാമിയുടെ തീരുമാനം. 15 ദിവസത്തിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കാനാണ് ഗവര്‍ണറുടെ നിര്‍ദ്ദേശം. നിലവില്‍ ബി.ജെ.പി.യേക്കാള്‍ കോണ്‍ഗ്രസ്-ദള്‍ സഖ്യത്തിന് 13 എം.എല്‍.എമാര്‍ കൂടുതലുണ്ട്. വിശ്വാസവോട്ട് നേടിക്കഴിഞ്ഞാല്‍ തത്കാലം സര്‍ക്കാര്‍ സുരക്ഷിതമാകും. ഇരു പാര്‍ട്ടികളും എം.എല്‍.എ.മാരെ ഇപ്പോഴും ഹോട്ടലില്‍ തന്നെ പാര്‍പ്പിച്ചിരിക്കുകയാണ്. ബെംഗളൂരു നഗരത്തിലെ രണ്ട് ഹോട്ടലുകളിലായാണ് ഇവരെ താമസിപ്പിച്ചിരിക്കുന്നത്. എം.എല്‍.എ.മാരുടെ ബന്ധുക്കളെപ്പോലും കടത്തിവിടുന്നില്ല. ഹോട്ടലില്‍ എത്തുന്ന മറ്റുള്ളവരെയാകട്ടെ കര്‍ശന സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കുന്നുമുണ്ട്. വിശ്വാസവോട്ട് കഴിയുന്നതുവരെ ഇത് തുടരും. വീടുകളിലേക്ക് പോകാന്‍ അനുമതി വേണമെന്ന് എംഎല്‍എമാര്‍ ആവശ്യപ്പെട്ടെങ്കിലും നേതൃത്വം വഴങ്ങിയില്ല.
രണ്ട് സ്വതന്ത്രര്‍ക്ക് മന്ത്രിസ്ഥാനം നല്‍കിയില്ലെങ്കില്‍ ബി.ജെ.പി.യോടൊപ്പം പോകാനുള്ള സാധ്യതയുമുണ്ട്. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് മുന്‍കരുതല്‍ നടപടിയുമായി മുന്നോട്ടുനീങ്ങുന്നത്.കുമാരസ്വാമി സര്‍ക്കാര്‍ മൂന്നുമാസത്തില്‍ കൂടുതല്‍ നിലനില്‍ക്കില്ലെന്നാണ് കേന്ദ്രമന്ത്രി ഡി.വി. സദാനന്ദഗൗഡ വ്യക്തമാക്കിയിരുന്നു. അതേസമയം ഉപമുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോണ്‍ഗ്രസില്‍ ഭിന്നത തുടരുകയാണ്. പരമേശ്വരയ്യയ്ക്കാണ് മുന്‍ ഗണന. ഇതിനിടെ കോണ്‍ഗ്രസ് നേതാവ് ശിവകുമാര്‍ കുമാരസ്വാമിയെ വിമര്‍ശിച്ചത് തുടക്കത്തിലെ കല്ലുകടിയായി.
തിരഞ്ഞെടുപ്പ് മാറ്റിവെച്ച ബെംഗളൂരുവിലെ ജയനഗര്‍, ആര്.ആര്. നഗര്‍ മണ്ഡലങ്ങളിലെ വിധിയും നിര്‍ണായകമാകും. ഇതില്‍ ബി.ജെ.പി. വിജയിച്ചാല്‍ കോണ്‍ഗ്രസ്-ദള്‍ സഖ്യത്തിന് കൂടുതല്‍ ഭീഷണിയാകും. ഇത് മുന്നില്‍ക്കണ്ട് ഒന്നിച്ച് തിരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്.
Discussion about this post