കര്‍ണാടകയില്‍ വേദി പങ്കിട്ടതിന് പിറകെ കേരള മുഖ്യമന്ത്രി പിണറായി വിജയന് ബംഗാള്‍ മുഖ്യമന്ത്രി മമത ബനര്‍ജി പിറന്നാള്‍ ആശംസ നേര്‍ന്നത് സ്വഭാവികമെന്ന് സിപിഎം നേതാക്കളുടെ വിലയിരുത്തല്‍.
പിമറായിക്ക് ആശംസ നേര്ന്നതില് അസ്വാഭാവികമായി ഒന്നുമില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു. ഇരു നേതാക്കളും കഴിഞ്ഞ ദിവസം വേദി പങ്കിടുകയും ചെയ്തതാണ്. എന്നുവെച്ച് ബംഗാളിലെ പാര്‍ട്ടി നിലപാട് അതേപടി തുടരും. ഇതില്‍ പ്രത്യേകിച്ച് ഒന്നുമില്ല- യെച്ചൂരി പറഞ്ഞു.
ആശംസ നേര്‍ന്നത് അവരുടെ മര്യാദ എന്നായിരുന്നു എസ് രാമചന്ദ്രന് പിളള നല്കിയ പ്രതികരണം. ദേശീയ ബദലിന് തടസ്സമാകുമോ എന്ന പേടിയില്‍ മമതയോട് മൃദു സമീപനമാണ് സിപിഎം നേതാക്കള്‍ സ്വീകരിക്കുന്നതെന്ന ചിന്ത അണികള്‍ക്കുണ്ട്. കോണ്‍ഗ്രസ് നേതാക്കളുമായും മമതയുമായും വേദി പങ്കിട്ടത് ശരിയായില്ലെന്നാണ് ചിലരുടെ മനസിലിരുപ്പ്. കോണ്‍ഗ്രസ് വേദി പങ്കിട്ട് പിറ്റേദിവസം മുഖ്യമന്ത്രി ചെങ്ങന്നൂരില്‍ എത്തി കോണ്‍ഗ്രസിനെതിരെ സംസാരിക്കുന്നത് എങ്ങനെ ദഹിക്കും എന്നാണ് ചോദ്യം.
അതേ സമയം പിറന്നാള്‍ ആശംസയ്ക്ക് പിന്നിലെ മമതയുടെ ലക്ഷ്യം 2019ലെ പൊതുതെരഞ്ഞെടുപ്പാണെന്ന് മമതയോട് അടുപ്പമുള്ളവര്‍ പറയുന്നു. ഇപ്പോള്‍ രൂപപ്പെട്ടിരിക്കുന്ന പ്രതിപക്ഷ ഐക്യം ഊട്ടിയുറപ്പിച്ചാല്‍ പ്രധാനമന്ത്രിയാകാമെന്നാണ് ബംഗാളിലെ മമതയുടെ മനസിലിരുപ്പ്. ചിലപ്പോള്‍ അജന്മശത്രുക്കളായ സിപിഎമ്മിന്റെ സഹായവും വേണ്ടിവന്നേക്കാം. കേരളത്തില്‍നിന്ന് ജയിച്ചുവന്നേക്കാവുന്ന സിപിഎം എംപിമാര്‍ നിര്ണായകമായേക്കുമെന്നത് മുന്നില്‍ക്കണ്ടാണ് മമത പിണറായിക്ക് ആശംസ നേര്‍ന്നതെന്നും പറയപ്പെടുന്നു.
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സമയത്തുള്ള മമതയുടെ ആശംസ വലിയ പണിയായി പോയെന്നാണ് സിപിഎം നേതാക്കള്‍ രഹസ്യമായി പറയുന്നത്. മുഖ്യമന്ത്രിയുടെ വെബ് സൈറ്റില്‍ മെയ് 21 ആണ് മുഖ്യമന്ത്രിയുടെ ജന്മദിനം. സര്‍ട്ടിഫിക്കറ്റിലുള്ള ജനന തിയതിയാണ് അത്. എന്നാല്‍ യഥാര്‍ത്ഥത്തിലുള്ള പിറന്നാള്‍ വേറൊരു ദിവസമാണ്. 24ന് ദിദി നേര്‍ന്ന ആശംസ തള്ളാനും കൊള്ളാനും വയ്യ എന്ന അവസ്ഥയിലാണ് സിപിഎം.
Discussion about this post