കേന്ദ്ര സര്‍ക്കാര്‍ കോടികളുടെ ഫണ്ട് അനുവദിച്ചിട്ടും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൈറോളജി വിഭാഗത്തിനുവേണ്ടി ഒരു അത്യന്താധുനിക ലബോറട്ടറി യാഥാര്‍ത്ഥ്യമായില്ല. ഗവേഷണം, മികച്ച സാങ്കേതിക സൗകര്യങ്ങള്എന്നിവ ഉപയോഗപ്പെടുത്തിയുള്ള പരിശോധനകളിലൂടെ രോഗകാരണം കണ്ടെത്തി രോഗികളെ രക്ഷപ്പെടുത്താനാണ് ഈ പദ്ധതിയിലൂടെ കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിച്ചിരുന്നത്. 2014 ലും 2015 ലുമായി ഈ ആവശ്യത്തിലേക്കായി മൂന്നുകോടി മുപ്പതു ലക്ഷം രൂപയും കേന്ദ്രം അനുവദിച്ചു. ആവര്ത്തനചിലവുകള്ക്കായി പ്രതിവര്‍ഷം മുപ്പത്തിയഞ്ചു ലക്ഷം രൂപയും അനുവദിക്കാന്‍ കേന്ദ്രം തീരുമാനിച്ചു. എന്നാല്‍ നാലുവര്‍ഷത്തോളം ഒരു ചെറുവിരല്‍പോലും ആരോഗ്യവകുപ്പ് അനക്കിയില്ലെന്ന ആരോപണവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് രംഗത്തെത്തി.
”ലാബിനുപറ്റിയ ഒരു സ്ഥലം പോലും അധികൃതര്‍ക്കു കണ്ടെത്താന്‍ കഴിഞ്ഞില്ല. യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്കാന് കഴിയാത്തതുകൊണ്ട് ആവര്ത്തനചിലവായ മുപ്പത്തഞ്ചുലക്ഷം അനുവദിക്കുന്നത് കേന്ദ്രം നിര്‍ത്തി. തുടര്‍ന്ന് സ്ഥലം എം. പി കേന്ദ്രത്തിന് കത്തയച്ചു. ഇപ്പോള്‍ പ്രസവം കഴിഞ്ഞ് കുഞ്ഞുങ്ങളെ കിടത്തുന്ന മുപ്പത്തിയൊന്നാം വാര്‍ഡിന് തൊട്ടടുത്ത് ഇത്രയേറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒരു ലാബിന് നാല്പ്പത്തൊന്നാം വാര്‍ഡിലാണ് സ്ഥലം അനുവദിച്ചത്. കുറച്ചു സാധനസാമഗ്രികളും വാങ്ങിച്ചിട്ടുണ്ടത്രേ. രക്ത സാംപിള്‍ എടുത്ത് എട്ടുമണിക്കൂറിനുള്ളില്‍ പരിശോധന നടത്തിയാലേ ഇത്തരം പകര്‍ച്ചവ്യാധികളെ കണ്ടുപിടിക്കാന്‍ കഴിയൂ എന്നാണ് പറയപ്പെടുന്നത്. കുറ്റകരമായ അനാസ്ഥയാണ് ഇക്കാര്യത്തില്‍ ആരോഗ്യവകുപ്പ് കാണിച്ചതെന്ന് ഈ രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. വടക്കോട്ട് നോക്കി വാചകമടിക്കുന്ന സംസ്ഥാനസര്‍ക്കാരിന്റെ പിടിപ്പുകേടാണ് മരണം പടരുന്നതിന് കാരണം.” പാര്‍ട്ടിക്കു താല്‍പ്പര്യമുള്ള കരാര്‍നിയമനവും മരുന്നു കച്ചവടവുമൊക്കെ തകൃതിയായി നടക്കുമ്പോഴും ഇത്തരം കാര്യങ്ങളില്‍ സര്‍ക്കാര്‍ ഒരു താല്‍പ്പര്യവും കാണിക്കുന്നില്ല എന്നുള്ള ദുഖസത്യം നമ്മുടെ മാധ്യമപ്രവര്‍ത്തകരെങ്കിലും കാണാതെ പോകരുതെന്ന് കെ സുരേന്ദ്രന് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു.
https://www.facebook.com/KSurendranOfficial/posts/1724919284259367
നിപ പോലുള്ള വൈറസുകള്‍ പടര്‍ന്നു പിടിക്കുമ്പോഴും കാര്യമായി ഒന്നും ചെയ്യാനാവാതെ പകച്ചു നില്‍ക്കുകയാണ് ആരോഗ്യ വകുപ്പ്. രോഗകാരണം മനസിലാവും മുമ്പ് തന്നെ ധാരാളം പേരാണ് മരിച്ചു വീഴുന്നത്. രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ പനിമരണം റിപ്പോര്‍ട്ടു ചെയ്യുന്ന സംസ്ഥാനമാണ് കേരളം. ഇവിടെ സര്‍ക്കാര്‍ മേഖലയില്‍ നല്ലൊരു ലബോട്ടറി പോലുമില്ല എന്നത് സര്‍ക്കാര്‍ അനാസ്ഥയുടെ തെളിവാണ്. സ്വകാര്യ മേഖലയെ തീറ്റി പോറ്റുന്നതിന് വേണ്ടി സംസ്ഥാന ആരോഗ്യ വകുപ്പും സര്‍ക്കാരും നടത്തുന്ന അട്ടിമറികളാണ് കേരളത്തില്‍ മികച്ച ലാബോട്ടറി പോലും വരുന്നതിന് തടസ്സമാകുന്നതെന്നാണ് ആരോപണം.
Discussion about this post