ഡൽഹി: സുനന്ദ പുഷ്കറിന്റെ മരണത്തിൽ ഭർത്താവും കോണ്‍ഗ്രസ് എംപിയുമായ ശശി തരൂരിനെ പ്രതിചേർക്കണോയെന്ന വിഷയത്തിൽ ഡൽഹി കോടതി ജൂണ്‍ അഞ്ചിനു തീരുമാനമെടുക്കും. ഡൽഹി പോലീസ് നൽകിയ കുറ്റപത്രം നിലനിൽക്കുമോയെന്ന കാര്യത്തിലാണ് ഡൽഹിയിലെ അതിവേഗ കോടതി വാദം കേട്ടത്. സുനന്ദ മരിക്കുന്നതിനു മുമ്പ് അയച്ച ഇ-മെയിൽ സന്ദേശങ്ങൾ തെളിവായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട അഡീഷണൽ പ്രോസിക്യൂട്ടർ അതുൽ ശ്രീവാസ്തവ, ശശി തരൂരിന്റെ ക്രൂരത തെളിയിക്കുന്നതിന് ആവശ്യമുള്ളത്ര തെളിവുകൾ പോലീസിന്റെ കൈവശമുണ്ടെന്നും വാദിച്ചു.
സുനന്ദ മരിക്കുന്നതിന് ഒൻപത് ദിവസം മുമ്പ് ശശി തരൂരിന് അയച്ച ഇ-മെയിൽ സന്ദേശത്തിൽ തനിക്കു ജീവിക്കാൻ ആഗ്രഹമില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്. സുനന്ദ അനുഭവിച്ച മാനസിക സംഘർഷം സന്ദേശത്തിൽ വ്യക്തമാണെന്നും ശശി തരൂരിനെതിരേ ആത്മഹത്യ പ്രേരണ കുറ്റം തെളിയിക്കാനാവുന്നതാണെന്നും പ്രോസിക്യൂട്ടർ അഡീഷണൽ ചീഫ് മെട്രോപൊളീറ്റൻ മജിസ്ട്രേറ്റ് സമർ വിശാലിനു മുമ്പാകെ വാദിച്ചു. മരണകാരണം വിഷം അകത്തു ചെന്നതാണെങ്കിലും ശശി തരൂരിന്റെ ക്രൂരത തെളിയിക്കാൻ ലഭ്യമായ തെളിവുകൾ മതിയായതാണെന്നും എപിപി ചൂണ്ടിക്കാട്ടി.
ആത്മഹത്യ പ്രേരണ (ഐപിസി 306), ഗാർഹിക പീഡനം (ഐപിസി 498) എന്നി വകുപ്പുകളാണ് ശശി തരൂരിനെതിരേ ഡൽഹി പോലീസ് ചുമത്തിയിരിക്കുന്നത്. ആത്മഹത്യ പ്രേരണക്കുറ്റം തെളിയിക്കാൻ ആത്മഹത്യ കുറിപ്പില്ലെങ്കിലും മരിക്കുന്നതിനു മുമ്പ് സുനന്ദ അയച്ചിട്ടുള്ള ഇ-മെയിൽ സന്ദേശങ്ങൾ ആത്മഹത്യ കുറിപ്പായി സ്വീകരിക്കണമെന്നാണ് പോലീസ് കോടതിയിൽ ഉന്നയിച്ചത്.
Discussion about this post