തിരുവനന്തപുരം: ജെഡി-യു നേതാവ് എം.പി വീരേന്ദ്രകുമാറിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തില്‍ മുഖപ്രസംഗം. ഇത് ചെമ്പരത്തി പൂവല്ല: സ്പന്ദിക്കുന്ന ഹൃദയമാണ് എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗത്തില്‍ വീരേന്ദ്രകുമാര്‍ നന്ദിയില്ലാത്ത നേതാവാണെന്ന് ആരോപിക്കുന്നു.
കോണ്‍ഗ്രസിനോട് ഘടകകക്ഷികള്‍ കാണിക്കുന്നത് വഞ്ചനയാണ്. കോണ്‍ഗ്രസിനെ തിരിച്ചു കുത്തുന്നവര്‍ക്ക് ചരിത്രം മാപ്പുനല്‍കില്ല. ബ്രൂട്ടസിനും യൂദാസിനുമൊപ്പമായിരിക്കും അവരുടെ സ്ഥാനം. അന്തിയുറങ്ങുന്നവര്‍ കൂരയ്ക്ക് തീകൊളുത്തി ഇറങ്ങിപ്പോകുന്നത് വഞ്ചനയാണ്. നന്ദികെട്ടവരും ഹൃദയശൂന്യരുമാണ് ഇങ്ങനെ ചെയ്യുന്നതെന്നും വീക്ഷണം വിമര്‍ശിക്കുന്നു.
ജനതാദളിനെ മാത്രമല്ലാതെ മറ്റു ഘടകകക്ഷികളെയും പേരെടുത്ത് വിമര്‍ശിച്ചിട്ടുണ്ട്. എം.വി. രാഘവനെയും ഗൗരിയമ്മയെയും സിപിഎം പടിയടച്ച് പിണ്ഡം വച്ചപ്പോള്‍ കോണ്‍ഗ്രസ് അഭയസ്ഥാനം നല്‍കി. എസ്‌ജെഡിയെയും ആര്‍എസ്പിയെയും ഇടതുമുന്നണി പുറത്താക്കിയപ്പോള്‍ അവരെ കാത്തതും കോണ്‍ഗ്രസാണ്. എന്നിട്ടും കോണ്‍ഗ്രസിനെ തിരിഞ്ഞു കുത്തിയാല്‍ ചരിത്രം അവര്‍ക്കു മാപ്പു നല്‍കില്ലെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.
എംപി വീരേന്ദ്ര കുമാര്‍ കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ചര്‍ച്ച നടത്തിയതിനെയും പരോക്ഷമായി വിമര്‍ശിക്കുന്നുണ്ട്. വിലപേശി വിലയുറപ്പിക്കുന്ന കുടിലതകളോടാണ് മുഖപ്രസംഗത്തില്‍ ഇതിനെ ഉപമിച്ചിരിക്കുന്നത്.
Discussion about this post