കെവിന് ദുരഭിമാനകൊലക്കേസിലെ പ്രതി ഷാനുവിന്റെ ഉമ്മ രഹനയുടെ അടുത്ത ബന്ധുവാണ് എസ്പി മുഹമ്മദ് റഫീഖ് എന്ന് വെളിപ്പെടുത്തല്‍. കേസില്‍ നടപടിയ്ക്ക് വിധേയനായ എഎസ്ഐ ബിജുവിന്റെ അഭിഭാഷകനാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്. കേസില്‍ ഉന്നത പോലിസ് ഇടപെടല്‍ ഉണ്ടായെന്ന ആരോപണം ശരിവെക്കുന്നതാണ് ബിജുവിന്റെ മൊഴി.
നേരത്തെ ആരോപണവിധേയനായ കോട്ടയം ജില്ല പോലിസ് മേധാവിയെ സ്ഥലം മാറ്റിയിരുന്നു. മേല്‍ നോട്ടത്തില്‍ വീഴ്ച വരുത്തിയതിനാണ് എസ്പി മുഹമ്മദ് റഫീഖിനെ സ്ഥലം മാറ്റിയത്.കേസന്വേഷണത്തില്‍ നേരിട്ടു നിര്‍ദേശം നല്കിയ മുഖ്യമന്ത്രിയെപ്പോലും തെറ്റിദ്ധരിപ്പിച്ചെന്ന ആരോപണം മുന്‍ എസ്പിക്കെതിരെ ഉയര്‍ന്നിരുന്നു.
ഷാനുവിന്റെ മാതാവ് രഹനയുടെ സഹോദര പുത്രനായ നിയാസും കേസിലെ പ്രതിയാണ്. ഡിവൈഎഫ്ഐ നേതാവാണ് നിയാസ്. കെവിനെ തട്ടികൊണ്ടു പോയെന്ന പരാതി അവഗണിക്കാന്‍ പോലിസിന് കൈക്കൂലി നല്കി എന്ന ആക്ഷേപം ശരിയെന്ന് ഐജി വിജയ് സാഖരെ സമ്മതിച്ചിരുന്നു. എസ്ഐ ഷിബുവിനെ ഇതേ തുടര്‍ന്ന് സസ്പെന്റ് ചെയ്യുകയും ചെയ്തു.
പ്രതികള്‍ക്കായി സിപിഎം നേതാക്കള്‍ ഇടപെട്ടുവെന്ന ആരോപണവും സര്‍ക്കാരിനെ പ്രതികൂട്ടിലാക്കിയിരുന്നു.
Discussion about this post