ആലുവ: പോലീസ് സംഘം സഞ്ചരിച്ച കാറില്‍ ഇടിച്ചെന്നാരോപിച്ചു ബൈക്ക് യാത്രക്കാരനെ പോലീസ് മര്‍ദിച്ച നാല് പോലിസുകാര്‍ക്കെതിരെ കേസ്. കുഞ്ചാട്ടുകര മരത്തുംകുടി ഉസ്മാനാണ് ഇന്നലെ മര്‍ദനമേറ്റത്. ഇയാളുടെ കവിളെല്ലുകള്‍ പൊട്ടിയിട്ടുണ്ട്. യുവാവിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. എടത്തല പോലിസ് സ്റ്റേഷനില്‍ മുന്നില്‍ വിവിധ സംഘടനകള്‍ പ്രക്ഷോഭം നടത്തുകയാണ്.
ഉസ്മാന് ഓടിച്ചിരുന്ന ബൈക്ക് എടത്തല ഗവ. സ്കൂള്‍ ഗേറ്റിനു മുന്നില്‍ പോലീസുകാര്‍ സഞ്ചരിച്ചിരുന്ന കാറില്‍ ഇടിച്ചെന്നാണ് ആരോപണം. മര്‍ദനമേറ്റ ഉസ്മാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എടത്തല കുഞ്ചാട്ടുകരയില്‍ വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. മഫ്തിയിലായിരുന്നു പോലീസ് സംഘം. ഇതേപ്പറ്റി ചോദിച്ചപ്പോഴാണ് ഉസ്മാനെ മര്‍ദിച്ചതെന്നു പറയുന്നു. കാറില്‍ കയറ്റിക്കൊണ്ടു പോയ ഉസ്മാനെ കാറിലും സ്റ്റേഷനിലെത്തിച്ചും മര്‍ദിച്ചതായി ബന്ധുക്കള്‍ ആരോപിച്ചു. സംഭവമറിഞ്ഞ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയതോടെ ഉസ്മാനെ സ്റ്റേഷന്റെ മുകളിലത്തെ നിലയിലേക്കു മാറ്റി. പിന്നീട് ആംബുലന്‍സ് എത്തിച്ച് ആലുവ ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോയി. സംഭവത്തെ കുറിച്ചറിയാന്‍ ഫോണില്‍ ബന്ധപ്പെട്ട അന്‍വര്‍ സാദത്ത് എംഎല്‍എയോട് ഉന്നത പോലിസ് ഉദ്യോഗസ്ഥന് മോശമായി സംസാരിച്ചുവെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
പോക്സോ കേസിലെ പ്രതിയെ പിടികൂടാനായാണ് മഫ്തിയില്‍ കുഞ്ചാട്ടുകരയിലേക്കു പോയതെന്നും പ്രതിയുമായി തിരികേവരുന്ന വഴി ഉസ്മാന്റെ ബൈക്കില്‍ മുട്ടിയെന്ന് പറഞ്ഞ് ബഹളം വയ്ക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. വാക്കുതര്‍ക്കത്തില്‍ പോലീസ് ഡ്രൈവര്‍ അഫ്സലിനു പരിക്കേറ്റതായും പോലീസ് പറയുന്നു. അഫ്സലിനെയും ആലുവ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Discussion about this post