ഡല്‍ഹി: സുനില്‍ ഛേത്രി ഇന്ന് ഇന്ത്യന്‍ ഫുട്ബോളിന്റെ ആവേശമാണ്. ലോകകപ്പിന്റെ ആവേശത്തിലേക്ക് ഇന്ത്യന്‍ ആരാധകര്‍ ചുവടുവെക്കുമ്പോള്‍ അവരുടെ മനസ്സില്‍ ഇന്ത്യന്‍ ഫുട്ബോള്‍ എന്ന ചിന്തയും ഇനിയുണ്ടാകും. മുംബൈയില്‍ നടക്കുന്ന ഇന്റര്‍ കോണ്ടിനെന്റല് ടൂര്‍ണമെന്റില്‍ കലാശക്കളിക്ക് ഇറങ്ങുന്ന ഇന്ത്യയുടെ വിജയത്തിനായും അവരിനി ആര്‍പ്പു വിളിക്കും. ഇത് ഇന്ത്യ ഫുട്ബോളില്‍ മാറ്റത്തിന്റെ തുടക്കമാണ്.
എല്ലാത്തിനും ഫുട്ബോള്‍ ആരാധകര്‍ നന്ദി പറയുന്നത് ക്യാപ്റ്റന്‍ സിനില്‍ ഛേത്രിയോടാണ്. ഇന്ത്യന്‍ ഫുട്ബോളിലെ എക്കാലത്തെയും മികച്ച ഇതിഹാസ താരമെന്ന പദവിയിലേക്ക് അതിവേഗം വളരന്ന സ്റ്റാര്‍ സ്ട്രൈക്കറില്‍ നിന്ന് കളിയാരാധകര്‍ ഏറെ പ്രതീക്ഷിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം കരിയറിലെ 100ാമത്തെ മല്‍സരം ഇരട്ടഗോള്‍ നേട്ടത്തോടെയാണ് ഛത്രി ആഘോഷിച്ചത്. ഇന്റര്‍ കോണ്ടിനെന്റല് കപ്പില്‍ ആഫ്രിക്കയില്‍ നിന്നുള്ള കെനിയയെ ഇന്ത്യ 3-0ന് തകര്‍ത്ത കളിയില്‍ രണ്ടു ഗോളുകളും ഛേത്രിയുടെ വകയായിരുന്നു. നിലവില്‍ മല്‍സരരംഗത്തുള്ള ലോകത്തിലെ ഏറ്റവും മികച്ച ഗോള്‍വേട്ടക്കാരില്‍ മൂന്നാംസ്ഥാനത്താണ് ഈ യുവാവ്.ഇതിഹാസ താരങ്ങളായ ലയണല്‍ മെസ്സിയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും മാത്രമേ ഇനി ഇന്ത്യന്‍ നായകനു മുന്നിലുള്ളൂ.
ചിരവൈരികളായ പാക്കിസ്ഥാനെതിരെ 2005 ജൂണ്‍ 12നായിരുന്നു ഛേത്രിയുടെ അരങ്ങേറ്റം കന്നി മല്‍സരത്തില്‍ തന്നെ ഗോളടിച്ച് തുടക്കം സ്വപ്നതുല്യമാക്കി. ഹാട്രിക്കുമായി ഇന്ത്യക്ക് ഏഷ്യന്‍ കപ്പ് യോഗ്യത സമ്മാനിച്ചു. 2008 ഓഗസ്റ്റ് 13നായിരുന്നു ഈ നിര്‍ണായക നേട്ടം.താജിക്കിസ്താനെ 4-1ന് മുക്കി ഇന്ത്യ എഎഫ്എസി ഏഷ്യന്‍ കപ്പിനു യോഗ്യത കരസ്ഥമാക്കിയപ്പോള്‍ ഛേത്രിയായിരുന്നു സൂപ്പര്‍ താരം. ഹാട്രിക്കുമായി താരം ഇന്ത്യക്കു വേണ്ടി കസറി. 27 വര്‍ഷത്തിനു ശേഷമായിരുന്നു ഇന്ത്യ ഏഷ്യന്‍ കപ്പിനു യോഗ്യത കരസ്ഥമാക്കിയത്.
ഛേത്രിയും ഇന്ത്യന്‍ ഫുട്ബോളിലെ മുന്‍ ഇതിഹാസ സ്ട്രൈക്കര്‍ ബെയ്ച്ചുങ് ബൂട്ടിയയും ചേര്‍ന്നുള്ള കൂട്ടുകെട്ട് അക്കാലത്ത് വന്‍ ഹിറ്റായി മാറുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണ്‍ 13നു നടന്ന ബെംഗളൂരുവില്‍ നടന്ന എഎഫ്സി ഏഷ്യന്‍ കപ്പ് യോഗ്യതാ മല്‍സരത്തില്‍ കിര്‍ഗിസ്ഥാനെ ഇന്ത്യ 1-0നു തോല്‍പ്പിച്ചപ്പോള്‍ വിജയഗോള്‍ ഛേത്രിയുടെ വകയായിരുന്നു. കരിയറിലെ ഏറ്റവും മനോഹരമായ ഗോളുകളിലൊന്നായിരുന്നു ഇത്. ഈ ഗോള്‍ ഇന്ത്യന്‍ ഫുട്ബോളിനെ സംബന്ധിച്ചിടത്തോളം ഏറെ വിലപിടിപ്പുള്ളതായിരുന്നു. കാരണം ഈ മല്‍സരത്തിലെ ജയം ഇന്ത്യയെ ഫിഫ ഫാങ്കിങില് ആദ്യ 100 സ്ഥാനങ്ങളിലെത്താന്‍ സഹായിച്ചു. കൂടാതെ നാലാം തവണയും ഏഷ്യന്‍ കപ്പില്‍ കളിക്കാന്‍ ഇന്ത്യക്കു യോഗ്യത സമ്മാനിച്ചത് ഈ ജയമായിരുന്നു.
2011ലെ ഏഷ്യന്‍ കപ്പ് 2011ല്‍ ദോഹയില്‍ നടന്ന ഏഷ്യന്‍ കപ്പില്‍ ഇന്ത്യ പങ്കെടുത്തപ്പോള്‍ ഛേത്രിയും സംഘത്തിലുണ്ടായിരുന്നു. ഛേത്രി മികച്ച പ്രകടനം നടത്തിയെങ്കിലും ടീമെന്ന നിലയില്‍ ഇന്ത്യ പരാജയമായി മാറി. കരുത്തരായ ഓസ്ട്രേലിയ, ദക്ഷിണകൊറിയ, ബഹ്റയ്ന് എന്നിവരുള്‍പ്പെട്ട ഗ്രൂപ്പിലായിരുന്നു ഇന്ത്യയുടെ സ്ഥാനം. പക്ഷെ ഗ്രൂപ്പിലെ എല്ലാ മല്‍സരങ്ങളിലും തോറ്റ് ഇന്ത്യ ആദ്യറൗണ്ടില്‍ പുറത്തായി. എന്നാല്‍ ലോക ഫുട്ബോളിലെ വന്‍ താരങ്ങള്‍ക്കൊപ്പം തോളോടു തോള് ചേര്‍ന്നു പൊരുതാന്‍ അവസരം ലഭിച്ചത് വലിയ അനുഭവമായിരുന്നുവെന്നാണ് ടൂര്‍ണമെന്റിനു ശേഷം ഛേത്രി പ്രതികരിച്ചത്.
ദേശീയ ടീമിന്റെ ഫുട്ബോള്‍ മല്‍സരങ്ങള്‍ക്ക് വളരെ കുറച്ച് കാണികളെ എത്തിച്ച ഛേത്രിയുടെ വാക്കുകള്‍ ഇന്ത്യന്‍ ഫുട്ബോളിന് വലിയ മാറ്റമുണ്ടാക്കി.രണ്ടു ദിവസം മുമ്പ് സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തത്. ദേശീയ ടീമിനെ പിന്തുണയ്ക്കാന്‍ ദയവ് ചെയ്ത് നിങ്ങള്‍ സ്റ്റേഡിയത്തിലെത്തണമെന്നായിരുന്നു വീഡിയോയിലൂടെ ഛേത്രി അഭ്യര്‍ഥിച്ചത്. ഇതു ഫലം കാണുകയും ചെയ്തു. ഛേത്രിയുടെ 100ാം മല്‍സരത്തിന് നിരവധി പേരാണ് സ്റ്റേഡിയത്തില്‍ ടീമിനു പിന്തുണയുമായി വന്നത്. ഛേത്രി ഹാട്രിക്കുമായി മിന്നിയ തൊട്ടുമുമ്പത്തെ മല്‍സരം കാണാന്‍ വെറും 2000 പേര് മാത്രമേ സ്റ്റേഡിയത്തില്‍ എത്തിയിരുന്നുള്ളൂ. നൂറാം മത്സരത്തില്‍ ഗോലടിച്ച് ഇന്ത്യന്‍ ജയത്തോടെ ഛേത്രി കാണികള്‍ക്ക് വിരുന്നൂട്ടുകയും ചെയ്തു.
റഷ്യയില്‍ ലോകഫുട്ബോളിന്റെ ചക്രവര്‍ത്തിയെ കണ്ടെത്താനുള്ള പോര് നടക്കുമ്പോള്‍ ഇന്ത്യന്‍ ആരാധകരുടെ മനസില്‍ ഫുട്ബോളിലെ ഈ രാജകുമാരന്റെ മുഖം തെളിയും, സുനില്‍ ഛത്രി. ഇന്ത്യയുടെ മുന്നേറ്റങ്ങളുടെ ആവേശതുടക്കമാണ് ഈ ക്യാപ്റ്റന്‍.
Discussion about this post