തിരുവനന്തപുരം: സസ്പെന്‍ഷനിലായ മുന്‍ ക്രൈംബ്രാഞ്ച് ഉത്തരമേഖലാ ഐ.ജി ഇ.ജെ.ജയരാജിനെ സര്‍വീസില്‍ തിരിച്ചെടുത്തു. ബറ്റാലിയന് ഐ.ജിയായിട്ടാണ് നിയമനം. മദ്യപിച്ച് ലക്കുകെട്ട് പൊലീസ് വാഹനത്തില്‍ അപകടകരമായി യാത്ര ചെയ്തതിനായിരുന്നു ഉത്തരമേഖലാ ഐ.ജി ഇ.ജെ.ജയരാജിനെ സസ്പെന്‍ഡ് ചെയ്തത്. ഇക്കഴിഞ്ഞ ഒക്ടോബറിലായിരുന്നു സംഭവം.
സസ്പെന്ഷന് നടപടിക്കു പിന്നാലെ ജയരാജനെതിരെ വകുപ്പുതല അന്വേഷണവും പുരോഗമിക്കുന്നുണ്ട്. ഇതിനിടെയാണ് ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സസ്പെന്ഷന് അവലോകന സമിതി അദ്ദേഹത്തെ തിരിച്ചെടുക്കാന്‍ ശുപാര്‍ശ ചെയ്തത്. ഈ നിര്‍ദ്ദേശം സര്‍ക്കാര്‍ ഒറ്റ ദിവസം കൊണ്ട് നടപ്പിലാക്കുകയും ചെയ്തു.
ജയരാജനെതിരെ നേരത്തെയും ആരോപണങ്ങള്‍ വന്നിട്ടുണ്ട്. ജനശതാബ്ദി ട്രെയിനില്‍ മദ്യലഹരിയില്‍ സ്ത്രീകള്‍ ഉള്‍പ്പടെയുള്ള യാത്രക്കാരോട് അപമര്യാദയായി പെരുമാറിയതായി നേരത്തെ ആരോപമമുണ്ടായിരുന്നു. ട്രെയിന്‍ എറണാകുളം സൗത്ത് സ്റ്റേഷനിലെത്തിയപ്പോള്‍ യാത്രക്കാരിയുടെ ലാപ്ടോപ്പുമെടുത്ത് പ്ലാറ്റ്ഫോമിലൂടെ ഓടി. റെയില്‍വേ പൊലീസ് പിന്നാലെയും ഓടി. അന്ന് ജയരാജിനെതിരേ സസ്പെന്‍ഡ് ചെയ്തിരുന്നെങ്കിലും പിന്നീട് ശിക്ഷ താക്കീതില്‍ ഒതുക്കി സേനയില്‍ തിരിച്ചെടുക്കുകയും ഐ.ജിയായി സ്ഥാനക്കയറ്റം നല്‍കുകയുമായിരുന്നു.
Discussion about this post