ന്യൂയോര്‍ക്ക്: ആര്‍എസ്എസിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കന്‍ കോടതിയില്‍ ഹര്‍ജി. സിഖ്സ് ഫോര്‍ ജസ്റ്റീസ് എന്ന സംഘടന ന്യൂയോര്‍ക്ക് സതേണ്‍ ഡിസ്ട്രിക്ട് ഫെഡറല്‍ കോടതിയിലാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. രണ്ടുമാസത്തിനകം മറുപടി സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിക്ക് കോടതി നോട്ടീസയച്ചിട്ടുണ്ട്.
ഫാസിസ്റ്റ് സിദ്ധാന്തങ്ങളില്‍ വിശ്വസിക്കുന്നു, ഇന്ത്യയെ ഹൈന്ദവ രാഷ്ട്രമാക്കാന്‍ യത്നിക്കുന്നു തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ആര്‍എസ്എസ് നിരോധിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. വിശ്വഹിന്ദു പരിഷത്ത് നടത്തുന്ന മതപരാവര്‍ത്തന പരിപാടിയായ ഘര്‍വാപസിയെ കുറിച്ചും ഹര്‍ജിയില്‍ പരാമര്‍ശിക്കുന്നുണ്ട്.
ആര്‍എസ്എസിനെയും അനുബന്ധ സംഘടനകളെയും ആഗോള ഭീകര പ്രസ്ഥാനമായി പ്രഖ്യാപിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ബാബ്റി മസ്ജിദ് തകര്‍ത്തതിലും സുവര്‍ണക്ഷേത്രത്തിലെ സൈനിക നടപടിയിലും ക്രൈസ്തവദേവാലയങ്ങള്‍ കത്തിച്ചതിലും 2002ലെ ഗുജറാത്ത് കലാപത്തിലും ആര്‍എസ്എസിനു പങ്കുണ്ടെന്നും സിഖ് സംഘടന നല്കിയ ഹര്‍ജിയില്‍ പറയുന്നു. നേരത്തെ മോദിയ്ക്ക് ഗുജറാത്ത് വംശഹത്യയില്‍ പങ്കുണ്ടെന്ന് കാണിച്ച് സിഖ് സംഘടന ന്യൂയോര്‍ക്ക് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇത് കോടതി തള്ളുകയും ചെയ്തു.
Discussion about this post