ഡല്‍ഹി: സ്വതന്ത്ര ഇന്ത്യയിലെ ആദ്യ അഴിമതി വര്‍ഷങ്ങള്‍ക്ക് ശേഷം പുറത്ത് വരുന്നു. സുഭാഷ് ചന്ദ്രബോസ് നയിച്ച ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ 100 കോടിയിലധികം വരുന്ന സ്വത്തുക്കള്‍ കൊള്ളയടിക്കപ്പെട്ട സംഭവമാണ് ചുരുളഴിയുന്നത്. 1945ല്‍ സുഭാഷ്ചന്ദ്രബോസ് വിമാനാപകടത്തില്‍ മരിച്ചതിന് ശേഷമാണ് സംഭവം നടന്നത്. കൊള്ളയെ കുറിച്ച് അറിഞ്ഞെങ്കിലും നെഹ്റു നടപടിയെടുത്തില്ലെന്ന് ഇപ്പോള്‍ പുറത്ത് വന്ന രഹസ്യരേഖകള്‍ വ്യക്തമാക്കുന്നു.
ഔദ്യോഗിക രഹസ്യനിയമ പ്രകാരം കേന്ദ്രസര്‍ക്കാര്‍ രഹസ്യമാക്കി വച്ചിരുന്ന 37 രേഖകളില്‍ ഒന്നാണ് ഇപ്പോള്‍ പുറത്തു വന്നത്. 1947 മുതല്‍ 1953 വരെയുള്ള കാലഘട്ടത്തിനിടയില്‍ ഐഎന്‍എ നിധി എന്നറിയപ്പെട്ട 100 കോടിയില്‍ അധികം രൂപയുടെ മൂല്യം വരുന്ന സ്വത്ത് നഷ്ടപ്പെട്ടത്. നേതാജി സ്ഥാപിച്ച പ്രൊവിഷണല്‍ ഗവണ്മെന്റ് ആസാദ് ഹിന്ദിന്റെ പേരിലായിരുന്നു സ്വത്തുക്കള്‍. വിദേശകാര്യ വകുപ്പു കൂടി കൈകാര്യം ചെയ്തിരുന്ന നെഹ്റുവിന് സ്വത്തു നഷ്ടപ്പെടുമെന്ന് 1947നും 53നും ഇടയ്ക്ക് നിരവധി തവണ മുന്നറിയിപ്പ് ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. നേതാജിയുടെ സ്വത്തുക്കള്‍ നഷ്ടപ്പെടുമെന്ന് വിദേശകാര്യ വകുപ്പിലെ അണ്ടര്‍ സെക്രട്ടറി ആര് ഡി സേഥ് നിരവധി തവണ നെഹ്റുവിനെ അറിയിച്ചു. സേഥിനൊപ്പം നയതന്ത്രജ്ഞരായ കെ. കെ ചേത്തൂര്, എ കെ ധര് എന്നിവരും നേതാജിയുടെ സ്വത്തു നഷ്ടപ്പെടുന്നതിലുള്ള ആശങ്ക മുന്നറിയിപ്പായി നല്‍കിയിരുന്നുവെന്നും രേഖകളിലുണ്ട്. എന്നാല്‍ സ്വത്തു നഷ്ടപ്പെടുന്നതു തടയാന്‍ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റു നടപടിയെടുത്തില്ല എന്നാണ് ആരോപണം.
നേതാജിയുടെ തിരോധാനം അന്വേഷിച്ച ഷാനവാസ് കമ്മിറ്റി സ്വത്തു നഷ്ടപ്പെട്ടതില്‍ അന്വേഷണം നടത്തണം എന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇക്കാര്യവും കേന്ദ്രസര്‍ക്കാര്‍ അവഗണിച്ചു. സ്വത്തുക്കള്‍ സംബന്ധിച്ച രേഖകള്‍ പുറത്തു വിടണമെന്ന് നിരവധി തവണ നേതാജിയുടെ ബന്ധുക്കള്‍ കേന്ദ്രത്തില്‍ മാറി മാറി വന്ന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടുവെന്നും രേഖകള്‍ വ്യക്തമാക്കുന്നു.
Discussion about this post