നിപ വൈറസ് ബാധയെന്ന് സംശയം മലപ്പുറം ജില്ലയിലെ തദ്ദേശ സ്വയംഭരണ ജനപ്രതിനിധിയും രണ്ടു മക്കളും നിരീക്ഷണത്തില്‍. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണിവര്‍. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍നിന്ന് നിപ ആണെന്ന സംശയത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അര്‍ധരാത്രിയാണ് ഇവരെ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്.
മൂന്ന് പേരും ഐസൊലേറ്റഡ് വാര്‍ഡില്‍ ചികിത്സയിലാണ് സ്ഥിതി ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. സ്വകാര്യ ആശുപത്രിയില്‍നിന്ന് മണിപ്പാല്‍ വൈറസ് റിസര്‍ച് സന്റെറിലേക്ക് സാമ്പിള്‍ പരിശോധനക്കയച്ചിരിക്കുകയാണ്. ഇന്ന് ഫലം ലഭിച്ചാലേ കൂടുതല്‍ പറയാനാവൂവെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
നിപ വൈറസ് ബാധയില്‍ നിന്ന് മുക്തി തേടിയതോടെ കോഴിക്കോട് ഗസ്റ്റ്ഹൗസില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന കണ്ട്രോള് റൂം പ്രവര്‍ത്തനം നേരത്തെ അവസാനിപ്പിച്ചിരുന്നു. പകരം സംവിധാനം ജില്ലാ മെഡിക്കല്‍ ഓഫീസിനോട് അനുബന്ധിച്ചുള്ള ജില്ലാ കണ്ട്രോള് റൂമില്‍ ഏര്‍പ്പെടുത്തിയതായി ഡി.എം.ഒ ഡോ. വി. ജയശ്രീ അറിയിച്ചു.
ജൂണ്‍ 30 വരെ നിപ കണ്ട്രോള് റൂം പ്രവര്‍ത്തിക്കും .ഫോണ്‍ നമ്പര്‍ 0495 2376063. (ഗസ്റ്റ് ഹൗസില്‍ പ്രവര്‍ത്തിച്ചിരുന്ന 0495 2381000 ,2380085, 2380087 എന്നീ നമ്പറുകളില്‍ നിന്നും സേവനം ലഭ്യമല്ല) നിപ സംബന്ധിച്ച കാര്യങ്ങള്‍ക്കും പ്രകൃതി ദുരന്ത-പകര്‍ച്ചവ്യാധി നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കും ഈ കണ്ട്രോള് റൂമിന്റെ സേവനം പ്രയോജനപ്പെടുത്താന്‍ സാധിക്കുമെന്നും ഡി.എം .ഒ .അറിയിച്ചു.
നിപ്പാ ജാഗ്രതയും, സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ നീരീക്ഷണവും ഈ മാസം അവസാനം വരെ തുടരും.
Discussion about this post