കോട്ടയം: ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗസ്ഥലത്ത് നിന്ന് പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജനെയും ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസിനെയും പുറത്തിരുത്തി. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് ഇരുവരെയും പുറത്തിരുത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ചൊവ്വാഴ്ച തിരുവനന്തപുരത്ത് ചേര്‍ന്ന മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിനിടെയാണ് സംഭവം. മുഖ്യമന്ത്രി എത്തുമ്പോള്‍ ഇരുവരും ഹാളിലുണ്ടായിരുന്നു. എന്നാല്‍, ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി നടക്കുന്ന ചര്‍ച്ചയില്‍ സേനയില്നിന്നല്ലാത്ത ആരും ഇരിക്കേണ്ടതില്ലെന്ന് അദ്ദേഹം പരസ്യമായി പറഞ്ഞതോടെ ഇരുവരും പുറത്തേക്ക് പോവുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രിയുടെ നടപടി ഉന്നത ഉദ്യോഗസ്ഥരെയും അമ്പരപ്പിച്ചുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
രണ്ടുമണിക്കൂര്‍ നീണ്ടു നില്‍ക്കുന്നതായിരുന്നു യോഗം.
എസ്.പിമാര്‍ മുതല്‍ മുകളിലോട്ടുള്ള മുഴുവന്‍ പേരും സേനക്ക് പുറത്ത് പ്രവര്‍ത്തിക്കുന്ന ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. ഫയര്‍ ഫോഴ്സ്, ജയില്‍, ഗതാഗതം, വിജിലന്‍സ്, ക്രൈംബ്രാഞ്ച് മേധാവികളും നോണ്‍ ഐ.പി.എസ് എസ്.പിമാരും യോഗത്തിനെത്തിയിരുന്നു. എന്നാല്‍ എ.ഡി.ജി.പി സുദേഷ്കുമാര്‍ പങ്കെടുത്തിരുന്നില്ല. പോലിസ് വീഴ്ചകള്‍ നിരന്തരം ഏറ്റുപറയേണ്ട അവസ്ഥയിലാണ് ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി. ഈ സാഹചര്യത്തിലാണ് പോലിസ് ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തത്.
Discussion about this post