ചന്ദ്രയാൻ 2 ഈ ഒക്ടോബറിൽ: ചന്ദ്രനിൽ നിന്ന് ആണവ ഇന്ധനമെത്തിയ്ക്കാൻ സാദ്ധ്യതകൾ തേടി ഐ എസ് ആർ ഓ ചന്ദ്രനിലേയ്ക്കുള്ള രണ്ടാമത്തെ ചന്ദ്രയാത്ര പേടകമായ ചന്ദ്രയാൻ 2 ഈ ഒക്ടൊബറിൽ വിക്ഷേപിയ്ക്കുമെന്ന് ഐ എസ് ആർ ഓ അറിയിച്ചു.
ജീ എസ് എൽ വീ മാർക് 2 റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിയ്ക്കും എന്ന് കരുതുന്ന ഈ ബഹിരാകാശപേടകത്തിൽ ചന്ദ്രോപരിതലത്തിൽ സഞ്ചരിയ്ക്കുന്ന ഒരു റോവർ, ചന്ദ്രനെ വലം വയ്ക്കുന്ന ഒരു ഓർബിറ്റർ, ചന്ദോപരിതലത്തിൽ ഇറങ്ങാനുപയോഗിയ്ക്കുന്ന ഒരു ലാൻഡൽ എന്നിവയാണുള്ളത്. ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇറങ്ങിയ ശേഷം അതിൽ നിന്ന് റോവർ ചന്ദ്രന്റെ ഉപരിതലത്തിൽ സഞ്ചരിച്ച് ആവശ്യമായ വിവരങ്ങൾ ശേഖരിയ്ക്കും.
അതിനു ശേഷം ലാൻഡറിലേയ്ക്ക് ആ വിവരങ്ങൾ അയച്ചുകൊടുക്കുകയും ലാൻഡർ അത് ഐ എസ് ആർ ഓയിലേക്ക് അയയ്ക്കുകയും ചെയ്യും. ഒപ്പം ഭൂമിയെ ചുറ്റുന്ന ഉപഗ്രഹങ്ങൾ പോലെയുള്ള, ചന്ദ്രനെ ചുറ്റി സഞ്ചരിയ്ക്കുന്ന ഒരു ഓർബിറ്റർ ചന്ദ്രനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിയ്ക്കും. എക്സ് വികിരണാ സ്പെക്രോസ്കോപ്പ് പോലെയുള്ള ഉപകരണങ്ങൾ ഈ ഓർബിറ്ററിലുണ്ട്. റഷ്യ ഈ പദ്ധതിയുമായി ആദ്യകാലങ്ങളിൽ സഹകരിയ്ക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് സാങ്കേതിക തടസ്സങ്ങളാൽ പിൻവാങ്ങിയിരുന്നു.
പൂർണ്ണമായും ഇന്ത്യയില് തന്നെ രൂപകൽപ്പന ചെയ്തതാണ് ഈ ഉപകരണങ്ങളെല്ലാം എന്നതുകൊണ്ടുതന്നെ ചന്ദ്രയാൻ 2 വിക്ഷേപണപേടകം ഭാരതീയ ബഹിരാകാശചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്. ചന്ദ്രയാൻ 2 ചന്ദ്രോപരിതലത്തിലുള്ള ഹീലിയം 3 ന്റെ സാന്നിദ്ധ്യത്തെപ്പറ്റിയും മാലിന്യരഹിത ആണവ ഇന്ധനമായി അതിനെ ഉപയോഗിയ്ക്കാനുള്ള സാദ്ധ്യതയെപ്പറ്റിയും പഠിയ്ക്കുമെന്നാണറിയുന്നത്.
ആണവവികിരണശേഷിയുള്ള മൂലകമല്ല ഹീലിയം 3 . ഫ്യൂഷൻ റിയാക്ഷനു ശേഷം ഇത് പുറത്തുവിടുന്ന ഉപോൽപ്പന്നങ്ങളും ആണവവികിരണശേഷിയുള്ളതല്ല. അതായത് ഈ ഇന്ധനം ഉപയോഗിയ്ക്കുന്ന ആണവ റിയാക്ടർ ആണവമാലിന്യരഹിതമാണ്. അതുകൊണ്ട് തന്നെ യാതൊരു മാലിന്യപ്രശ്നവുമില്ലാതെ, ആണവറിയാക്ടറുകളുടെ പരിസ്ഥിതിപ്രശ്നങ്ങളൊന്നുമില്ലാതെ ഹീലിയം 3 ഉപയോഗിച്ച് ഉർജ്ജം ഉൽപ്പാദിപ്പിയ്ക്കാനാകും.
നിലവിലുള്ള സാങ്കേതികവിദ്യ ഹീലിയം 3 ഉപയോഗിച്ച് ഊർജ്ജം ഉണ്ടാക്കാൻ പര്യാപ്തമല്ലെങ്കിലും അടുത്ത പത്ത് വർഷത്തോടെ അത്തരം ആണവറിയാക്ടറുകളുടെ സാങ്കേതികവിദ്യ ഉണ്ടാക്കാനാകുമെന്ന് ശാസ്ത്രജ്ഞർ കരുതുന്നു. ഹീലിയം 3 എന്ന ഈ മൂലകം ഭൂമിയിൽ അധികമില്ല. ചന്ദ്രന്റെ ഉപരിതലത്തിൽ വളരെയുണ്ട്. ഇത് ഭൂമിയിലെത്തിയ്ക്കാനുള്ള സാദ്ധ്യതകളേക്കുറിച്ച് പഠിയ്ക്കാൻ അയയ്ക്കുന്ന ലോകത്തെ ആദ്യത്തെ ചാന്ദ്രപേടകമായിരിയ്ക്കും ചന്ദ്രയാൻ 2
Discussion about this post