കണ്ണൂര്‍: വധശ്രമ കേസിലെ പ്രതിയെ പിടികൂടാനെത്തിയ എസ്.ഐയ്ക്കും സംഘത്തിനും നേരെ മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെ ആക്രമണം.തളിപ്പറമ്പ് അരിയിലിലെ ലീഗ് പ്രവര്ത്തകന് ഷഫീഖിനെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് സംഘത്തെയാണ് പതിനഞ്ച് പേരടങ്ങുന്ന സംഘം തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ പരുക്കേറ്റ എസ്.ഐ അടക്കം മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തളിപ്പറമ്പിലെ സിപിഎം പ്രവര്ത്തകന് ബാബുവിനെ ആക്രമിച്ച കേസിലെ പ്രതി ഷഫീഖിനെ അറസ്റ്റ് ചെയ്യാനാണ് തളിപ്പറമ്പ് എസ്ഐയും സംഘവും ലീഗ് പ്രവര്‍ത്തകനായ ഷഫീഖിന്റെ വീട്ടിലെത്തിയത്.എന്നാല്‍ പോലീസിനെ കണ്ട് ഷഫീഖ് വീടിന് പുറത്തേക്കോടി രക്ഷപ്പെടാന്‍ ശ്രമിച്ചു. തുടര്‍ന്ന് എസ്ഐയും സംഘവും പ്രതിയെ ഓടിച്ചിട്ട് പിടികൂടി ജീപ്പില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടെയിലാണ് സംഘടിച്ചെത്തിയ ലീഗ് പ്രവര്‍ത്തകര്‍ പോലീസ് സംഘത്തെ ആക്രമിച്ചത്.
ആക്രമണത്തില്‍ എസ്.ഐ ബിനോയ്, സിവില്‍ പോലീസ് ഓഫീസര്‍ ജോണ്സണ് എന്നിവരടക്കം മൂന്ന് പേര്‍ക്ക് പരിക്കേറ്റു. എസ്ഐയെയും സംഘത്തെയും ആക്രമിച്ച പതിനഞ്ചോളം പേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തിട്ടുണ്ട്.
Discussion about this post