കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായുള്ള കരുക്ക് മറുകുന്നു. ബിഷപ്പിനെ ഉടന്‍ അറസ്റ്റ് ചെയ്യാതെ വഴിയില്ല എന്ന സാഹചര്യത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ബിഷപ്പിനെതിരേ ശക്തമായ തെളിവുകള്‍ പോലിസിന് ലഭിച്ചു കഴിഞ്ഞു. ഇനിയും അറസ്റ്റ് വൈകിക്കുന്നത് പോലിസിനും സര്‍ക്കാരിനും എതിരെയുള്ള വിമര്‍ശനം ശക്തമാക്കുമെന്ന ആശങ്കയും ശക്തമാണ്. ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതിനായി പഞ്ചാബ് പോലീസിന്റെ സഹായം തേടുന്നതിനുള്ള നടപടികളും അന്വേഷണ ആരംഭിച്ചതായാണ് സൂചന. പഞ്ചാബില്‍ ബിഷപ്പിന്റെ ഉന്നതതല ബന്ധങ്ങള്‍ കണക്കിലെടുത്താണ് പ്രദേശിക പോലീസിന്റെ സഹായം തേടുന്നത്.
വിദേശ രാജ്യങ്ങളില്‍ നിരവധി ബന്ധങ്ങളുള്ള ബിഷപ്പ് ഇന്ത്യയില്‍ നിന്ന് രക്ഷപ്പെടാതിരിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു. ഇത് സംബന്ധിച്ച് വിമാനത്താവളങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. അറസ്റ്റ് ചെയ്യാനുള്ള സാധ്യത ഉറപ്പായ പശ്ചാത്തലത്തില്‍ ബിഷപ്പ് വത്തിക്കാനിലേക്ക് കടക്കാനുള്ള സാധ്യതയുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം മുന്‍കരുതല്‍ സ്വീകരിച്ചിരിക്കുന്നത്. കേസിന്റെ ഇതുവരെയുള്ള അന്വേഷണ പുരോഗതി അന്വേഷണത്തിന് നേതൃത്വം നല്കിയ വൈക്കം ഡിവൈഎസ്പി കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് കൈമാറും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും പോലീസ് ജലന്ധറിലേക്ക് പോകുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം സ്വീകരിക്കുക.
ഇതിനിടെ ആഭ്യന്തര അന്വേഷണത്തോട് സഹകരിക്കാമെന്ന് സഭയെ കന്യാസ്ത്രി രേഖാമൂലം അറിയിച്ചുവെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ചില മാധ്യമങ്ങള്‍ പുറത്തുവിട്ടു. കന്യാസ്ത്രീയുടെ കത്തിന്റെ പകര്‍പ്പാണ് പുറത്തു വന്നത്.
Discussion about this post